മൂന്നാർ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് 21 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ടെന്ന് ദേവികുളം സബ് കളക്ടർ പ്രേംക‌ൃഷ്ണനും ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുഷമയും പറഞ്ഞു. ഇവരിൽ ആർക്കും രോഗലക്ഷണങ്ങളില്ല. റിസോർട്ടുകളിലെത്തുന്ന സഞ്ചാരികളുടെ കാര്യത്തിൽ ഉടമകൾ ശ്രദ്ധ പുലർത്തണമെന്ന് മൂന്നാറിൽ ഹോട്ടൽ ആന്റ് റിസോർട്ടുടമകളുടെ യോഗത്തിൽ ഇരുവരും പറഞ്ഞു. കൊറോണ വൈറസ് രോഗം സംബന്ധിച്ച് ജില്ലയിൽ ആരും ആശങ്കപ്പെടേണ്ടെതില്ല. ജാഗ്രത തുടരണം. ചുമ, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളിലും അൽ അസർ മെഡിക്കൽ കോളേജിലും ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. രോഗം സംശയിക്കപ്പെടുന്നവിരിൽ നിന്ന് സാമ്പിൾ ശേഖരിക്കാനുള്ള സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. യോഗത്തിൽ ദേവികുളം തഹസിൽദാർ ജിജി കുന്നപ്പള്ളി, ഡി.പി.എം ഡോ. സുജിത്ത്, മൂന്നാർ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ, വിവിധ ഹോട്ടൽ ആന്റ് റിസോർട്ട് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കൺട്രോൾ റൂം

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റും തുറന്നിട്ടുണ്ട്. (ഫോൺ- 04862233149) കൺട്രോൾ റൂം നമ്പറിലോ ജില്ലാ സർവൈലൻസ് ഓഫീസർ (ഫോൺ- 9495962691) നമ്പറിലോ വിളിച്ച് വൈദ്യോപദേശം തേടണം.