തൊടുപുഴ: തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഓട്ടിസം സെന്റർ പ്രവർത്തനം തുടങ്ങി. തൊടുപുഴ ബി.ആർ.സിയുടെ കീഴിൽ കുമാരമംഗലം ഗവ. എൽ.പി സ്‌കൂളിൽ കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിച്ചിരുന്ന സെന്ററാണ് തൊടുപുഴയിലേക്ക് മാറ്റിയത്. തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ ജെസി ആന്റണി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ഷാഹുൽ ഹമീദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൂടുതൽ കുട്ടികൾക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യത്തിനായാണ് സെന്റർ തൊടുപുഴയിലേക്ക് മാറ്റിയതെന്ന് അധികൃതർ പറഞ്ഞു. വിവിധ വിഭാഗങ്ങളിൽപ്പെട്ട 36 കുട്ടികൾക്കാണ് നിലവിൽ സെന്ററിലെത്തിച്ച് പരിശീലനം നൽകുന്നത്. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, കരകൗശല പരിശീലനം തുടങ്ങിയ സേവനങ്ങൾ സെന്ററിൽ നൽകുന്നുണ്ട്. ഇതിനായി മൂന്ന് അധ്യാപകരും ഒരു ആയയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ- ഓർഡിനേറ്റർ ഡി. ബിന്ദുമോൾ, ജില്ലാ പ്രോഗ്രാം ഓഫീസർ മൈക്കിൾ സെബാസ്റ്റ്യൻ, തൊടുപുഴ നഗരസഭാ കൗൺസിലർമാരായ ഗോപാലകൃഷ്ണൻ, അരുണിമ ധനേഷ്, എ.പി.ജെ. അബ്ദുൾ കലാം ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ യു.എൻ.പ്രകാശ്, പി.ടി.എ. പ്രസിഡന്റ് കെ.കെ. നിഷാദ് എന്നിവർ സംസാരിച്ചു. തൊടുപുഴ ബി.പി.ഒ. സിബി കുരുവിള സ്വാഗതവും ബി.ആർ.സി. ട്രെയിനർ ടി.പി. മനോജ് നന്ദിയും പറഞ്ഞു.