അടിമാലി: എസ്.എൻ.ഡി.പി യോഗം പടിക്കപ്പ് ശാഖയുടെ കീഴിലെ ഗുരുധർമ്മോദയം ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം രണ്ട് മുതൽ അഞ്ച് വരെ നടക്കും. അഞ്ചിന് രാവിലെ 9.45നും 10.35നും മദ്ധ്യേ ക്ഷേത്രം തന്ത്രി മദനപ്പൻ ശാന്തിയുടെ കാർമ്മികത്വത്തിൽ ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമികൾ പ്രതിഷ്ഠാ കർമ്മം നിർവഹിക്കുമെന്ന് പ്രസിഡന്റ് സി.എൻ. ശ്രീധരനും സെക്രട്ടറി പി.പി. ശ്രീബുവും അറിയിച്ചു. രണ്ടിന് രാവിലെ 10.30ന് മാങ്ങാപ്പാറ ഗുരുക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന വിഗ്രഹഘോഷയാത്രയ്ക്ക് ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠന്മാരും യൂണിയൻ നേതാക്കളും വിവിധ ശാഖാ, യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം പ്രവർത്തകരും നേതൃത്വം നൽകും. വിഗ്രഹഘോഷയാത്രയ്ക്ക് 11ന് തിങ്കൾക്കാട്, മുനിയറ, മുള്ളരിക്കുടി ശാഖകളുടെ സ്വീകരണം മുനിയറ ടൗണിലും 11.30ന് പണിക്കൻക്കുടി ശാഖയുടെ സ്വീകരണം പണിക്കൻക്കുടി ടൗണിലും 12ന് പാറത്തോട് ടൗണിലും 12.30 ന് കമ്പിളികണ്ടം ടൗണിലും ഒന്നിന് മുക്കുടം ടൗണിലും 1.30ന് അഞ്ചാം മൈൽ ടൗണിലും രണ്ടിന് മുതിരപ്പുഴ ശാഖയിലും മൂന്നിന് കൊന്നത്തടി ടൗണിലും 3.30ന് വെള്ളത്തൂവൽ ടൗണിലും നാലിന് കല്ലാർകുട്ടി ടൗണിലും തുടർന്ന് ആയിരമേക്കർ ക്ഷേത്രത്തിലും സ്വീകരണങ്ങൾ നൽകും. അഞ്ചിന് വാദ്യമേളങ്ങളുടെയും പൂക്കാവടിയുടെയും അകമ്പടിയോടെ ഗുരുദേവ വിഗ്രഹത്തെ അടിമാലി ക്ഷേത്രത്തിൽ സ്വീകരിക്കും. തുടർന്ന് ആറിന് മെഴുകുംചാൽ ശാന്തിഗ്രാം ടൗണിൽ നിന്ന് പൂക്കാവടിയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഇരുമ്പുപാലം ടൗണിൽ നിന്നുള്ള സ്വീകരണത്തിന് ശേഷം 8.30ന് പടിക്കപ്പ് ക്ഷേത്രം അങ്കണത്തിൽ എത്തിചേരും.