തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാരും ഓഫീസർമാരും നടത്തിയ ദ്വിദിന പണിമുടക്ക് പൂർണം. ജില്ലയിലെ എല്ലാ പൊതുമേഖലാ, പഴയ തലമുറ സ്വകാര്യ ബാങ്ക് ശാഖകളും അടഞ്ഞുകിടന്നു. വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങളും ധർണകളും നടന്നു. തൊടുപുഴയിൽ സിണ്ടിക്കേറ്റ് ബാങ്കിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപം സമാപിച്ചു. തുടർന്ന് ഫെഡറൽ ബാങ്ക് റീജിയണൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. യു.എഫ്.ബി.യു ജില്ലാ കൺവീനർ നഹാസ്. പി. സലീം അദ്ധ്യക്ഷനായി. എൻ.സി.ബി.ഇ ജില്ലാ പ്രസിഡന്റ് എസ്. അരവിന്ദ്, എ.ഐ.ബി.ഒ.സി ജില്ലാ പ്രസിഡന്റ് അഭിജിത് പി.ജി, ബി.ഇ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സനിൽ ബാബു. എൻ, എ.ഐ.ബി.ഇ.എ ജില്ലാ ചെയർമാൻ എബിൻ ജോസ്, എൻ.സി.ബി.ഇ ജില്ലാ സെക്രട്ടറി എ.എസ്. അനിൽ, എ.ഐ.ബി.ഇ.എ മുൻ ജില്ലാ സെക്രട്ടറി പി.കെ.ജബ്ബാർ എന്നിവർ സംസാരിച്ചു.