തൊടുപുഴ : തൊടുപുഴ ഗാന്ധി സ്‌ക്വയർ വഴിയുള്ള മൂവാറ്റുപുഴ- കോലാനി റോഡ് റീടാറിംഗ് ചെയ്യാൻ 13 കോടി രൂപയുടെ അനുമതി ലഭിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് നിരത്തു വിഭാഗമാണ് നിർമ്മാണം നടത്തുക. നിർമ്മാണം വൈകാതെ ആരംഭിക്കും.
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഭാഗമായി 2000 കാലഘട്ടത്തിലാണ്‌ കെ.എസ്.ടി.പിയിൽ ഉൾപ്പെടുത്തി ഈ റോഡ് നിർമ്മാണം നടത്താൻ അനുമതി നൽകിയത്. അതിന്റെ ഭാഗമായാണ്‌ തൊടുപുഴ- മൂവാറ്റുപുഴ റോഡ് അന്തർദേശീയ നിലവാരത്തിൽ നിർമ്മാണം നടത്തിയത്. തൊടുപുഴ- പാലാ- പൊൻകുന്നം വരെ ആ ഹൈവേയുടെ ഭാഗമായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ഉന്നത നിലവാരത്തിൽ നിർമ്മിച്ച തൊടുപുഴ- മൂവാറ്റുപുഴ റോഡ് നിർമ്മാണം പൂർത്തിയാക്കി 16 വർഷം കഴിഞ്ഞെങ്കിലും കാര്യമായ തകരാറുകൾ ഉണ്ടായിട്ടില്ല. ഇത്‌ കെ.എസ്.ടി.പിയുടെ മേന്മയായി കാണാവുന്നതാണെന്നും ജോസഫ് പറഞ്ഞു. കാതലായ കേടുപാടുകൾ ഉണ്ടായിട്ടില്ലെങ്കിലും ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തിയാൽ അടുത്ത പത്ത് വർഷത്തേയ്ക്ക് ഈ റോഡ് സുരക്ഷിതമായി നിലനിൽക്കുമെന്നതിനാലാണ് റീടാറിംഗ് നടത്താൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.