തൊടുപുഴ: സർക്കാർ ഏകപക്ഷീയമായി പെൻഷൻകാരുടെ ചികിത്സാപദ്ധതി നടത്തിപ്പ് ചുമതല റിലയൻസ് കമ്പനിയെ ഏല്പിച്ചതിന്റെ ഫലമായി ഉണ്ടായിരിക്കുന്ന സ്തംഭനാവസ്ഥ പരിഹരിച്ച് ഒ.പി ചികിത്സ ഉറപ്പുവരുത്തിയും ഓപ്ഷൻ അനുവദിച്ചും, സർക്കാർ വിഹിതം കൂടി ഉറപ്പാക്കി ഇൻഷുറൻസ് കവറേജ് വർദ്ധിപ്പിച്ചും എല്ലാ അംഗീകൃത ചികിത്സാരീതികളെയും പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പദ്ധതി നിർവ്വഹണചുമതല സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്‌മെന്റിനെ ഏല്പിക്കണമെന്നും, ചികിത്സാചെലവ് സർക്കാർ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന രീതി ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്‌കരണ നടപടികൾ ത്വരിതപ്പെടുത്തുക, കുടിശികക്ഷാമബത്ത അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.. പ്രസിഡന്റ് ടി.ജെ. പീറ്ററിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പി.എസ്. സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.