കട്ടപ്പന: നെൽക്കൃഷിയെന്നാൽ നരിയംപാറ മരുതൂർ പ്രസന്നന് ജീവിതസപര്യയാണ്. ചേറിന്റെ മണമുള്ള ചോറുണ്ട് ശീലിച്ച ഇദ്ദേഹം അഞ്ചുപതിറ്റാണ്ടായി നെൽക്കൃഷി ചെയ്തുവരുന്നു. മറ്റു പാടങ്ങളിൽ ഇതര വിളകൾ ചേക്കേറിയപ്പോൾ തലമുറകളായി ചെയ്തുവരുന്ന നെൽക്കൃഷിയെ വിട്ടുകളയാൽ പ്രസന്നൻ ഒരുക്കമല്ലായിരുന്നു. അടുത്തകാലത്തൊന്നും പണം മുടക്കി അരി വാങ്ങിയിട്ടില്ല. പാടത്ത് കണ്ടം ഉഴുതുന്നതും വിത്തുവിതക്കുന്നതുമെല്ലാം പ്രസന്നൻ ഒറ്റയ്ക്കാണ്. കൊയ്ത്തിനുമാത്രമാണ് തമിഴ്നാട്ടിൽ നിന്നു തൊഴിലാളികൾ എത്തുന്നത്. ആറുമാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന പാൽത്തോണി വിത്താണ് വിതയ്ക്കുന്നത്. നരിയംപാറ തൊവരയാറിന്റെ പ്രസന്നന്റെ ഒരേക്കർ പാടത്തെ കൊയ്ത്തുത്സവം കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടത്തി. കട്ടപ്പന കൃഷി അസിസ്റ്റന്റ് സൂസൻ ബഞ്ചമിൻ നേതൃത്വം നൽകി. നെൽക്കൃഷി വ്യാപനത്തിനുള്ള സഹായം ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു. 20 വർഷംമുമ്പ് വരെ മേഖലയിലെ ഏറ്റവും വലിയ പാടശേഖരമായിരുന്നു തൊവരയാറിലേത്. ഹെക്ടർ കണക്കിനു സ്ഥലത്ത് നെല്ല് വിളഞ്ഞുനിൽക്കുന്ന കാഴ്ച മനം കവരുന്നതായിരുന്നു. എന്നാൽ കർഷകർക്കു സാമ്പത്തിക നഷ്ടമുണ്ടായതോടെ നെൽക്കൃഷി വിട്ട് പാടങ്ങളിൽ വാഴയും കപ്പയും പയറും പാവലുമെല്ലാം കൃഷിചെയ്തുതുടങ്ങി. എന്നാൽ അച്ഛന്റെകാലം മുതൽ ചെയ്തുവരുന്ന നെൽക്കൃഷി പ്രസന്നന് ജീവിതത്തിന്റെ ഭാഗമാണ്.