kpn
കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകൾ.

കട്ടപ്പന: ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി കട്ടപ്പനയിലെ നഗരപാതകളിൽ സ്ഥാപിച്ച ഡിവൈഡറുകൾ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. നിരവധി വാഹനങ്ങളാണ് ഡിവൈഡറുകളിൽ തട്ടി അപകടത്തിൽപ്പെടുന്നത്. സെൻട്രൽ ജംഗ്ഷൻ മുതൽ ഗാന്ധി സ്‌ക്വയർ വരെയുള്ള ഭാഗത്ത് മൂന്നിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളവയാണ് കൂടുതൽ ഭീഷണിയാകുന്നത്. ഈ ഭാഗത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്. വീതികുറഞ്ഞ പാതകളിൽ ഡിവൈഡറുകൾ സ്ഥാപിച്ചതോടെ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നടപ്പാതകളോടു ചേർന്നാണ് കടന്നുപോകുന്നത്. തലനാരിഴയ്ക്കാണ് കാൽനടയാത്രക്കാർ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം സെൻട്രൽ ജംഗ്ഷനിൽ കാൽനടയാത്രികനെ ബസ് തട്ടിയിരുന്നു. കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ ഡിവൈഡറുകളിൽ തട്ടുന്നതും പതിവാണ്. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർ നടപ്പാതകളോട് ചേർന്ന് വാഹനങ്ങളും പാർക്ക് ചെയ്യുന്നതോടെ നഗരത്തിൽ ഗതാഗതം തടസപ്പെടുന്നു. നഗരത്തിൽ ഇടുക്കിക്കവല, കെ.എസ്.ഇ.ബി ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ, പള്ളിക്കവല എന്നിവിടങ്ങളിലാണ് ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്നത്. റോഡിന്റെ വീതി കൂട്ടാതെ ഡിവൈഡറുകൾ സ്ഥാപിച്ചത് അശാസ്ത്രീയമാണെന്നു വ്യാപാരികൾ ആരോപിക്കുന്നു. അപകടം പതിവായതോടെ വ്യാപാരികൾ നൽകിയ പരാതിയെ തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ രണ്ടിടങ്ങളിലെ ഡിവൈഡറുകൾ മാറ്റിയിരുന്നു.