കട്ടപ്പന: നഗരത്തിലെ പോക്കറ്റ് റോഡുകൾ തകർന്നതോടെ യാത്രാക്ലേശം രൂക്ഷമായി. നഗരപാതകളിലെ തിരക്കൊഴിവാക്കി പ്രധാന കേന്ദ്രങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ ഉപകാരപ്രദമായ പാതകളാണ് പൂർണമായി തകർന്നുകിടക്കുന്നത്. കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് റോഡുകളുടെ തകർച്ചയ്ക്ക് പ്രധാന കാരണം. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയിലെ ഐശ്വര്യ തിയേറ്റർ ജംഗ്ഷനിൽ നിന്ന് ഇടുക്കിക്കവല ബൈപാസ് റോഡിലേക്കുള്ള പോക്കറ്റ് റോഡിൽ വൻ ഗർത്തങ്ങളാണ്. നഗരത്തിൽ പ്രവേശിക്കാതെ എളുപ്പത്തിൽ പള്ളിക്കവലയിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. അടുത്തിടെ അറ്റകുറ്റപ്പണി നടത്തി ഇടുക്കിക്കവല ബൈപാസ് റോഡിലും കുഴികൾ രൂപപ്പെട്ടു. പുതിയ ബസ് സ്റ്റാൻഡിൽ നിന്നു ബാല ആശുപത്രിക്ക് മുമ്പിലൂടെ പുളിയൻമല റോഡിൽ എത്തിച്ചേരുന്ന പാതയും തകർന്ന നിലയിലാണ്. സന്തോഷ് തിയേറ്റർ പടിയിൽ നിന്ന് ഭവനനിർമാണ ബോർഡ് ഷോപ്പിംഗ് കോംപ്ലക്സിനു സമീപത്തുകൂടി ഗുരുമന്ദിരം റോഡിൽ എത്തുന്ന റോഡും വർഷങ്ങളായി തകർന്നുകിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപെടുന്നത് പതിവാണ്. ട്രഷറിക്ക് സമീപത്ത് നിന്ന് ടി.ബി. ജംഗ്ഷനിലേക്കുള്ള റോഡിലും ടാറിംഗ് തകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ട നിലയിലാണ്. അമർ ജവാൻ റോഡിന്റെ ചില ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

റോഡുകൾ നന്നാക്കാൻ 35 ലക്ഷം

കട്ടപ്പന: തകർന്നുകിടക്കുന്ന 11 പോക്കറ്റ് റോഡുകൾ നന്നാക്കാൻ നഗരസഭ 35 ലക്ഷം രൂപ അനുവദിച്ചു. ഇതോടൊപ്പം പഴയ ബസ് സ്റ്റാൻഡും അറ്റകുറ്റപ്പണി നടത്തും. ടെൻഡർ നടപടി പൂർത്തീകരിച്ച് മാർച്ച് 31നകം ജോലികൾ പൂർത്തിയാക്കുമെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി അറിയിച്ചു. ടെക്നിക്കോ പടിമണ്ണൂർ പടി, ടെക്നിക്കോ പടിആനക്കല്ലിൽ പടി, ബാല ആശുപത്രി റോഡ്, എസ്.ബി.ഐ. ജംഗ്ഷൻബൈപാസ് റോഡ്, സന്തോഷ് തിയറ്റർ പടിഐ.സി.ഐ.സി.ഐ. ബാങ്ക് പടി, ടി.ബി. ജംഗ്ഷൻട്രഷറി റോഡ്, ടി.ബി ജംഗ്ഷൻബൈപാസ്, കരിവേലിപ്പടിബൈപാസ്, അശോക ജംഗ്ഷൻമീൻ മാർക്കറ്റ്, ഇടുക്കിക്കവല ബൈപാസ്ടൗൺ ഹാൾ പടി, കക്കാട്ടുപടി റേഷൻകട പടി എന്നീ റോഡുകളാണ് അറ്റകുറ്റപ്പണി നടത്തുന്നത്. കൂടാതെ അശോക ജംഗ്ഷനിൽ നിന്ന് പച്ചക്കറി മാർക്കറ്റിലേക്കുള്ള ഇടവഴി മീൻമാർക്കറ്റുമായി ബന്ധിപ്പിച്ച് വൺവേയാക്കാനും തീരുമാനിച്ചിട്ടുണ്ട്.