ചെറുതോണി: മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീമോൻ വാസു രാജിവച്ചു. സി.പി.ഐയുടെ പ്രതിനിധിയായ സീമോൻ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്റെ നിർദ്ദേശാനുസരണമാണ് രാജിവച്ചത്. വെള്ളിയാഴ്ച സീമോൻ സെക്രട്ടറിയില്ലാത്തതിനാൽ പ്രസിഡന്റിന് രാജി സമർപ്പിച്ചിരുന്നെങ്കിലും വാങ്ങിയില്ല. ഇന്നലെ സെക്രട്ടറി വന്ന ശേഷം വീണ്ടും രാജി നൽകുകയായിരുന്നു. രണ്ടര വർഷമാണ് മുന്നണി ധാരണ പ്രകാരം കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ടര വർഷം കഴിഞ്ഞിട്ടും രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിരുന്നില്ല. പെട്ടെന്നുള്ള രാജി ഉപ്പുതോട് യു.പി സ്‌കൂളിന്റെ കെട്ടിടോദ്ഘാടനവുമായി ബന്ധപ്പെട്ട തർക്കമാണെന്ന് പറയപ്പെടുന്നു. ഉപ്പുതോട് സ്‌കൂൾ കെട്ടിടം ഉദ്ഘാടനോത്തടനുബന്ധിച്ച് നോട്ടീസിൽ എം.പിയുൾപ്പെടെയുള്ള പ്രധാനപ്പെട്ട പലരുടെയും പേരുകൾ ചേർത്തിരുന്നില്ല. നോട്ടീസ് അടിച്ചതിന്റെ തുക കരിമ്പൻ സർവീസ് സഹകരണ ബാങ്കാണ് നൽകിയത്. ദൈനംദിന പ്രവർത്തനങ്ങൾ പോലും നടത്താൻ ബുദ്ധിമുട്ടുന്ന ബാങ്ക് അച്ചടിച്ച നോട്ടീസ് റദ്ദാക്കി വീണ്ടും പ്രോട്ടോക്കോൾ പ്രകാരം നേട്ടീസ് അച്ചടിയ്‌ക്കേണ്ടിവന്നു. സി.പി.എം കരിമ്പൻ ബ്രാഞ്ച് സെക്രട്ടറിയും വൈസ് പ്രസിഡന്റും ആലോചിച്ചാണ് നോട്ടീസടിച്ചതെങ്കിലും പ്രധാനപ്പെട്ടവരുടെ പേരുകൾ ചേർക്കാതെ വന്നത് സംബന്ധിച്ച് ഇരുവരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്‌കൂൾ കെട്ടിട നിർമാണത്തിനു മുൻകൈയെടുത്ത നേതാക്കളെയും എം.പിയെയും ഉൾപ്പെടുത്താതിരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. വീണ്ടും നോട്ടീസടിച്ച് പ്രശ്നം പരിഹരിച്ചെങ്കിലും ജില്ലാ നേതൃത്വം ഇടപെട്ട് വൈസ് പ്രസിഡന്റിനെ രാജി വയ്പിക്കുകയായിരുന്നു. മരിയാപുരം പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രതിനിധിയായ ഡോളി ജോസാണ് പ്രസിഡന്റ്. സി.പി.എം പ്രതിനിധി വൈസ് പ്രസിഡന്റാകാനാണ് സാധ്യത.