antony
അന്റണി

ചെറുതോണി: കമ്പത്ത് നിന്ന് കഞ്ചാവ് കൊണ്ടുവന്ന് കച്ചവടം നടത്തുന്നെന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 2.2 കിലോ ഉണക്ക കഞ്ചാവുമായി ഒരാൾ പിടിയിൽ. തങ്കമണി ഉദയഗിരി പാട്ടത്തിൽ കുട്ടി എന്നു വിളിക്കുന്ന ആന്റണിയാണ് (59) പിടിയിലായത്. ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കേസെടുത്തു. പൊതികളായി കഞ്ചാവ് വിൽക്കുന്ന ചെറുകിട വിൽപനക്കാർക്ക് 250 ഗ്രാമിന് 10,​000 രൂപ നിരക്കിൽ കഞ്ചാവ് വിൽക്കുന്നയാളാണ് ആന്റണി. ചെറുപ്പക്കാരടങ്ങുന്ന സംഘം കഞ്ചാവ് വാങ്ങുന്നതിനും വലിക്കുന്നതിനും ആന്റണിയുടെ വീട്ടിൽ നിരന്തരം വരാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. ഇത്തരം സംഘങ്ങൾക്ക് താമസിക്കാനായി ഇയാളുടെ വീട്ടിൽ ഒരു പ്രത്യേക മുറി സജീകരിച്ചിട്ടുണ്ടെന്നും ഇയാൾ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനാൽ കുറേ ദിവസങ്ങളായി ആന്റണിയെ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ആന്റണിക്ക് കഞ്ചാവ് മൊത്തക്കച്ചവട ശൃംഖലയുമായി ബന്ധമുള്ളതായും അധികൃതർ പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എൻ. സുധീറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ ആന്റോ,​ പ്രിവന്റീവ് ഓഫീസർമാരായ മനോജ് മാത്യു, പി.ടി. സിജു,​ സി.ഇ.ഒമാരായ കെ.എൻ. സിജുമോൻ, അനൂപ് തോമസ്, പി.എം. ജലീൽ, ലിജോ ജോസഫ്, ആർ. മുകേഷ്, അഗസ്റ്റിൻ തോമസ് എന്നിവർ പങ്കെടുത്തു.