കട്ടപ്പന: ഹൈറേഞ്ചിലെ ആദ്യകാല ഡോക്ടർ ലബ്ബക്കട ചിറ്റപ്പനാട്ട് ഡോ. സി.ഡി. സെബാസ്റ്റ്യന് നാടിന്റെ ആദരാഞ്ജലികൾ. ചിറ്റപ്പനാട്ട് തങ്കച്ചൻ സാർ എന്നറിയപ്പെടുന്ന ഇദ്ദേഹം ഹോമിയോ ചികിത്സാരംഗത്ത് 1958 മുതൽ കട്ടപ്പന, ഇരട്ടയാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ നിവാസികളുടെ ഏകആശ്രയമായിരുന്നു. മാറാരോഗങ്ങൾ വ്യാപകമായിരുന്ന 1958ലാണ് കാഞ്ചിയാറിൽ ഹോമിയോ ക്ലിനിക്ക് ആരംഭിച്ചത്. റോഡുകൾ പോലുമില്ലാതിരുന്ന കാലത്ത് കിലോമീറ്ററുകളോം കാൽനടയായി യാത്ര ചെയ്ത് രോഗികളെ വീടുകളിലെത്തി ചികിത്സിച്ചു. 1960ൽ എറണാകുളത്ത് സർക്കാർ ഡോക്ടറായി ജോലി ലഭിച്ചെങ്കിലും നാട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ജോലി രാജിവച്ച് ഹൈറേഞ്ചിൽ സേവനം തുടർന്നു. തുടർന്ന് കട്ടപ്പനയിലും ക്ലിനിക്ക് ആരംഭിച്ചു. രാവിലെ കാഞ്ചിയാറിൽ രോഗികൾക്ക് മരുന്നു നൽകിയശേഷം ഏഴു കിലോമീറ്റർ നടന്ന് കട്ടപ്പനയിലെത്തി രാത്രി 10 വരെ ചികിത്സ ലഭ്യമാക്കിയിരുന്നു. പതിറ്റാണ്ടുകൾക്കുശേഷം ഹൈറേഞ്ചിൽ ആശുപത്രികൾ ആരംഭിച്ചതോടെ ഡോ. സി.ഡി. സെബാസ്റ്റ്യൻ മഞ്ഞപ്പിത്ത ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ മഞ്ഞപ്പിത്ത ചികിത്സയ്ക്കായി ഇദ്ദേഹത്തെ ആശ്രയിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് വ്യാഴാഴ്ചയാണ് ഇദ്ദേഹം നിര്യാതനായത്. സംസ്‌കാരം ഇന്ന് രണ്ടിന് കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയിൽ.