തൊടുപുഴ: കേരളത്തിനോടുള്ള പതിവ് അവഗണനയുടെ ഭാഗമായി ഇടുക്കിയ്ക്കും ഇത്തവണ കേന്ദ്രബഡ്ജറ്റിൽ കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. തുടർച്ചയായ രണ്ട് പ്രളയങ്ങളിൽ തകർന്ന ജില്ലയ്ക്ക് സമാശ്വാസമേകുന്ന പദ്ധതികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പ്രളയശേഷം തകർന്ന ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളൊന്നും ബഡ്ജറ്റിലുണ്ടായില്ല. കാർഷികമേഖലയ്ക്ക് പൊതുവായി പ്രഖ്യാപിച്ച പദ്ധതികൾ ആത്മത്യയുടെ വക്കിലുള്ള ജില്ലയിലെ കർഷകർക്ക് ആശ്വാസമാകുമെന്ന് കരുതാം. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം നിരാശരായ കർഷകർക്ക് ഉണർവേകും. എന്നാൽ വിലസ്ഥിരതയില്ലായ്മയും പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന വിള നഷ്ടവും പോലുള്ള യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ പദ്ധതികളൊന്നുമില്ല. കൂടുതൽ വായ്പ നൽകുന്ന പദ്ധതിയുണ്ടെങ്കിലും വായ്പയെടുത്ത് കടക്കെണിയിലായ കർഷകരെ എങ്ങനെ രക്ഷിക്കുമെന്ന് പറയുന്നില്ല. നാണ്യവിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന ദീർഘനാളായുള്ള കർഷകരുടെ ആവശ്യവും ബഡ്ജറ്റിൽ പരിഗണിച്ചില്ല.
കാർഷികമേഖലയ്ക്ക് തലോടൽ
കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം
ക്ഷീര ഉത്പാദനം രണ്ടിരട്ടിയാക്കും
കാർഷിക വായ്പയ്ക്ക് കൂടുതൽ തുക വകയിരുത്തി
പുതിയ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കും
സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകൾ
പൊതുവിഹിതത്തിൽ ഒരു പങ്ക്
കഴിഞ്ഞ തവണത്തേക്കാൾ കുറവാണെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അനുവദിച്ച വിഹിതത്തിന്റെ ഗുണഭോക്താക്കളിൽ വലിയൊരു പങ്ക് ജില്ലയാണ്.
തോട്ടം മേഖല- 681 കോടി രൂപ
റബ്ബർ ബോർഡ്- 221 കോടി
കോഫി ബോർഡ് 225- കോടി
ടീ ബോർഡ്- 200 കോടി
സ്‌പൈസസ് ബോർഡ് 120 കോടി