gabriel
ഗബ്രിയേൽ മാതാപിതാക്കൾക്കൊപ്പം

മൂന്നാർ: വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ വിവരം നൽകുന്ന അലാറം കണ്ടുപിടിച്ച ഏഴാം ക്ലാസുകാരന് ദേശീയ അംഗീകാരം. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഹൈറേഞ്ച് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഗബ്രിയേൽ കിംഗ്സ്റ്റനാണ് പുരസ്‌കാരത്തിനർഹമായ കണ്ടുപിടിത്തം നടത്തിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി രവിശങ്കറിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. സ്‌കൂൾ തലത്തിൽ നടന്ന പ്രദർശനം സംസ്ഥാന തലത്തിലും ശ്രദ്ധ നേടിയിരുന്നു. കാർഷിക വിളകൾ നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെ തടയുന്നതിനുള്ള ഉപകരണമാണ്ഗബ്രിയേൽ നിർമ്മിച്ചത്. മൃഗങ്ങൾ തോട്ടത്തിലെത്തിയാൽ വിവരം നൽകുന്ന വിധത്തിലുള്ള അലാറം മുഴങ്ങും. ഉപകരണത്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറിൽ നിന്നാണ് മുന്നറിയിപ്പ് ലഭിക്കുന്നത്. ഇത്തരത്തിൽ തോട്ടത്തിൽ വിവിധ സ്ഥലങ്ങളിൽ ഉപകരണം സ്ഥാപിക്കാനാവും. ഉപകരണത്തിൽ നിന്ന് താമസസ്ഥലവുമായി ബന്ധിപ്പിച്ചുള്ള അലാറത്തിൽ നിന്നുമാണ് വന്യമൃഗങ്ങൾ എത്തിയെന്നുള്ള സൂചന ലഭിക്കുന്നത്. ഇത്തരത്തിൽ മുന്നറിയിപ്പ് ലഭിച്ചാൽ ആവശ്യമായ കരുതൽ നടപടിയെടുക്കാനും യഥാസമയം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കാനും സാധിക്കും. ദേശീയതലത്തിലുള്ള ശാസ്‌ത്രോത്സവത്തിന് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേരിൽ ഒരാൾ ഗബ്രിയേൽ ആയിരുന്നു. 52 പേർ പങ്കെടുത്ത ശാസ്‌ത്രോത്സവത്തിൽ കേന്ദ്രമന്ത്രി നേരിട്ട് സംവാദം നടത്തി ആറുപേരെ തിരഞ്ഞെടുക്കുകയായിരുന്നു. ഹൈറേഞ്ച് സ്‌കൂളിലെ തന്നെ അദ്ധ്യാപികയായ പ്രേമ- ആനന്ദ് ദമ്പതികളാണ് ഗബ്രിയേലിന്റെ മാതാപിതാക്കൾ.