കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയന്റെ സുവർണ ജൂബിലി ആഘോഷം ഹൈറേഞ്ചിലെ ശ്രീനാരായണീയരുടെ സംഗമമായി. വിവിധ ശാഖകളിൽ നിന്നുള്ള ആയിരക്കണക്കിനു അംഗങ്ങളാണ് ആഘോഷത്തിൽ പങ്കെടുത്തത്.
സുവർണ ജൂബിലി സമ്മേളനത്തിനു മുന്നോടിയായി കുമാരി സംഘം പ്രവർത്തകർ നടത്തിയ തീർഥാടന നിർവൃതിയുടെ ദൃശ്യാവിഷ്‌കാരം പ്രദർശിപ്പിച്ചു. എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഏലക്കാ മാലയണിയിച്ച് സ്വീകരിച്ചു. ഏകാത്മകം മെഗാ ഇവന്റ് ചരിത്രവിജയമാക്കിയ തുഷാർ വെള്ളാപ്പള്ളിക്ക് മലനാട് യൂണിയന്റെ ഉപഹാരം പ്രസിഡന്റ് ബിജു മാധവനും സെക്രട്ടറി വിനോദ് ഉത്തമനും ചേർന്ന് സമ്മാനിച്ചു. സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്തുമെന്ന് ബിജു മാധവൻ അറിയിച്ചു. വിദ്യാഭ്യാസ, വിവാഹ ധനസഹായ വിതരണം, പഞ്ചായത്ത് അടിസ്ഥാനത്തിൽ കുടുംബസംഗമങ്ങൾ, ദിവ്യജ്യോതി പ്രയാണം തുടങ്ങിയവ സംഘടിപ്പിക്കും. സമ്മേളനത്തിനു ശേഷം ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത മലനാട് യൂണിയനിലെ 70ൽപ്പരം കുട്ടികൾ അവതരിപ്പിച്ച മോഹിനിയാട്ടം സദസിന്റെ ശ്രദ്ധയാകർഷിച്ചു. കുട്ടികൾക്ക് തുഷാർ വെള്ളാപ്പള്ളി ഉപഹാരം സമ്മാനിച്ചു. തുടർന്ന് ആരോഗ്യം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ ഡോ. ജിനേഷ് ജെമേനോൻ ക്ലാസെടുത്തു. സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

രാവിലെ നടന്ന വനിതാസമ്മേളനം എസ്.എൻ.ഡി.പി. യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വനിതസംഘം യൂണിയൻ പ്രസിഡന്റ് സി.കെ. വൽസ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത സുരേഷ്, സുരേഷ് ശാന്തി, പ്രവീൺ വട്ടമല, ടി.പി. ഭാവന, കെ.എം. വിശാഖ്, കെ.പി. ബിനീഷ്, രജനി സന്തോഷ്, മിനി ശശി, ഗീത നരേന്ദ്രൻ, ഉഷ മോഹനൻ, സരിത മധു, അജിത ബാബു, സരള മുരളീധരൻ എന്നിവർ പങ്കെടുത്തു.