മുണ്ടിയെരുമ: സ്വന്തമായി കെട്ടിടമില്ലാതെ സ്ഥല സൗകര്യമില്ലാത്ത വാടകകെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ച് ഒരു അംഗൻവാടി. പാമ്പാടുംപാറ പഞ്ചായത്തിന്റെ കീഴിൽ ആശാൻപടിയിൽ 2011ൽ പ്രവർത്തനം ആരംഭിച്ച അംഗൻവാടിക്കാണ് ഇനിയും സ്വന്തമായി കെട്ടിടമില്ലാത്തത്. ഒറ്റമുറി വാടകകെട്ടിടത്തിലാണ് ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നത്. സ്ഥലസൗകര്യമില്ലാത്തതിനാൽ വളരെയേറെ ബുദ്ധിമുട്ടിയാണ് പ്രവർത്തനം. നിലവിൽ 15 കുട്ടികൾ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ ഒട്ടേറെ കാര്യങ്ങൾ നടപ്പിലാക്കാൻ തടസവുമായി.ഉച്ചഭക്ഷണത്തിന് ശേഷം കൊച്ചുകുട്ടികൾക്ക് വിശ്രമിക്കാനുള്ള സ്ഥലം പോലും ഇവിടെയില്ല. മണ്ണിട്ട തറയിൽ നിന്നുള്ള പൊടിശല്യവും രൂക്ഷമാണ്. മഴ പെയ്താൽ കെട്ടിടം ചോർന്നൊലിക്കും. ദാഹിച്ചാൽ കുട്ടികൾക്ക് കുടിക്കാൻ ശുദ്ധജലസൗകര്യം പോലും ഇവിടെയില്ല. 2015ൽ സ്വകാര്യവ്യക്തി അഞ്ച് സെന്റ് സ്ഥലം അംഗൻവാടിക്ക് സൗജന്യമായി നൽകിയിരുന്നു. ഇങ്ങനെയാരു നല്ലകാര്യം നടന്നത് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല.നാളിതുവരെ ഇവിടെ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചിട്ടില്ല. നിലവിലെ സ്കീം അനുസരിച്ചുള്ള അംഗൻവാടി കെട്ടിടം നിർമിക്കുന്നതിന് 27 ലക്ഷം രൂപ ആവശ്യമാണ്. 17 ലക്ഷം രൂപ ഐ.സി.ഡി.എസിൽ നിന്ന് നൽകും. ബാക്കിയുള്ള ഫണ്ട് കൂടി അനുവദിച്ച് എത്രയും വേഗം അംഗൻവാടിക്ക് കെട്ടിടം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജാഗ്രത പോര
കളിയും ചിരിയും അറിവ് പകരലും ഒക്കെയായി കൊച്ചുകുട്ടികളെ വിദ്യാഭ്യാസ രംഗത്തേയ്ക്ക് കൈപിടിച്ചുയർത്തുന്ന അംഗൻവാടികളുടെ കാര്യത്തിൽ മുന്തിയ പരിഗണനയാണ് നൽകിപ്പോരുന്നത്. സ്ഥലം ലഭ്യമാക്കിയാൽ കെട്ടിട നിർമ്മാണം ഉൾപ്പെയുള്ള ബാക്കി കാര്യങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ ജില്ലയിൽത്തന്നെയുണ്ട്. അവികസിത പ്രദേശങ്ങളുടെ കാര്യത്തിൽ കുറേക്കൂടി ജാഗ്രത പാലിക്കാറുണ്ട്. എന്നാൽ ഇതൊന്നും ആശാൻപടിയിലെ അംഗൻവാടിയുടെ കാര്യത്തിൽ കാണുന്നില്ല. അംഗൻവാടി ടീച്ചർമാർക്കും ആയമാർക്കും ശമ്പലത്തിന്റെ കാര്യത്തിൽ വലിയ മാറ്റങ്ങൾ അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട്. തൊഴിലിടങ്ങളിൽ പണിയെടുക്കുന്നവർക്ക് തങ്ങളുടെ കുട്ടികളെ സുരക്ഷിതമായി പകൽ സമയങ്ങളിൽ ആക്കുന്നതിനുള്ള സ്ഥാപനമെന്ന നിലയിൽകൂടി അംഗൻവാടികൾ ഉപകരിക്കാറുണ്ട്. അവിടെ ഭൗതിക സാഹചര്യങ്ങൾ ഇല്ലാതാകുമ്പോൾ അവസ്ഥ കൂടുതൽ സങ്കീർണ്ണവുമാകും.