മൂലമറ്റം: മധ്യവയസ്കനെ കൊന്ന് ചതുപ്പിൽ തള്ളിയസംഭവുമായി ബന്ധപ്പെട്ട് സുഹൃത്ത് അറസ്റ്റിൽ. പതിപ്പള്ളി മേമുട്ടം ചക്കി വര ഭാഗത്ത് അറക്കപടിക്കൽ ശശിധരനെയാണ് (42)വീടിന് സമീപമുള്ള ചതുപ്പിൽ മരിച്ച നിലയിൽ ഞായറാഴ്ച കണ്ടെത്തിയത്. അടുത്ത സുഹൃത്തായ മേമുട്ടം അനി നിവാസിൽ അനിലി(36) നെകാഞ്ഞാർപൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം മറച്ചു വച്ചതിന് അനിലിന്റെ ഭാര്യ സൗമ്യയെ രണ്ടാം പ്രതിയാക്കുമെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുമായി അകന്ന് കഴിയുന്ന ശശിധരൻ കൂലിപ്പണികൾക്കായി പലയിടത്തും പോകാറുണ്ട്. മക്കൾ പഠനാവശ്യത്തിനായി ഹോസ്റ്റലിലാണ്. കഴിഞ്ഞ പതിനഞ്ചാം തീയതി മുതൽ ശശിധരനെ കാണാനില്ലായിരുന്നു. പണിക്കായി പോയിരിക്കുകയാണ് എന്ന ധാരണയിൽ കൂടുതൽ അന്വേഷണം നടത്തിയിരുന്നില്ല. മകൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയിരുന്നില്ല. ഇതോടെയാണ് വീട്ടുകാർ കാഞ്ഞാർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാണാതാകുന്നതിന് തൊട്ടുമുമ്പ് ശശിധരൻ, അനിലിനൊപ്പമുണ്ടായിരുന്നുവെന്ന് മനസിലായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
ഇരുവരും ചേർന്ന് ശശിധരന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ജനുവരി 15ന് രാത്രി 6.45നാണ് സംഭവം. ഇതിനിടെ ഇരുവരും വഴക്കുണ്ടാകുകയായിരുന്നു. കയ്യാങ്കളിക്കിടെ അനിൽ, സമീപത്ത് കിടന്ന തടിക്കഷണമുപയോഗിച്ച് ശശിധരന്റെ തലയ്ക്കടിക്കുകയായിരുന്നു. ശശിധരൻ മരിച്ചുവെന്ന് മനസിലായതോടെ മൃതദേഹം വീട്ടിൽ നിന്ന് ആയിരമടിയോളം താഴെയുള്ള ചതുപ്പ് ഭാഗത്തേക്ക് ചുമന്നും വലിച്ചും കൊണ്ടുപോയി. മഴക്കാലത്ത് വെള്ളമൊഴുകി ചെളിനിറഞ്ഞ് കിടന്ന ഇവിടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ശശിധരന്റെ സുഹൃത്തായ അനിലിനെയും ഭാര്യയേയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇന്നലെ ഉച്ചയോടെ പ്രതിയുമായി മേമുട്ടത്ത് എത്തി മൃതദേഹം ചതുപ്പിൽ നിന്ന് പുറത്തെടുക്കുകയും, സയന്റഫിക് വിദഗ്ദ്ധരുടെയും പൊലീസ് സർജന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. കൊലപ്പെടുത്താൻ ഉപയോഗിച്ച തടി കഷ്ണം അനിലിന്റെ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തി. കൂടാതെ നാടൻ തോക്കും, നിറയും കണ്ടെത്തുകയും ചെയ്തു. ശശീന്ദ്രന്റെ മൊബൈൽ അനിൽ എറിഞ്ഞു കളഞ്ഞതും പൊലീസ് പറഞ്ഞു. സയന്റിഫിക് എക്സ്പേർട്ട് ലിജിത്ത്, പൊലീസ് സർജൻ സുബി രാജ് എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. തൊടുപുഴ ഡിവൈ എസ് പി കെ പി ജോസ്, എസ് ഐമാരായ കെ സിനോദ് , സജി പി ജോൺ, എ.എസ്. ഐ പി.എച്ച് ഉബൈസ്, സാം കുട്ടി, സി.പി.ഒ കെ എസ് ബിജു, ജോയി തോമസ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണത്തിന് നേതൃത്വം നൽകി. പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശശീന്ദ്രന്റെ ഭാര്യ അമ്പിളി. മക്കൾ: വിസ്മയ, വൈഷ്ണവ്.