തൊടുപുഴ: മൂലമറ്റം ഭൂഗർഭനിലയത്തിലെ തുടർച്ചയായ പൊട്ടിത്തെറി ജീവനക്കാരിലുണ്ടാക്കുന്ന ആശങ്ക വലുതാണ്. പവർഹൗസിൽ അപകട സാധ്യത നിലനിൽക്കുന്നത് കാരണം അവർ ആകെ അരക്ഷിതാവസ്ഥയിലുമാണ്. ഇതോടെ ജീവനക്കാർ കൂട്ടത്തോടെ സ്ഥലം മാറിപ്പോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായിട്ടാണ് അറിയുന്നത്. മാത്രമല്ല, ഇവിടേക്ക് മാറ്റം കിട്ടിയ പലരും ജോലിൽ പ്രവേശിക്കാൻ കൂട്ടാക്കുന്നുമില്ല. 2011 ജൂൺ 21ന് പവർഹൗസിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് എൻജിനീയർമാർ മരിച്ചിരുന്നു. തുടർന്ന് കെ. രാധാകൃഷ്ണൻ ചെയർമാനായ അന്വേഷണ സമിതിയെ കെ.എസ്.ഇ.ബി നിയോഗിച്ചിരുന്നു. എന്നാൽ സമിതിയുടെ പഠന റിപ്പോർട്ടിലെ ശിപാർശകൾ ഭാഗീകമായി മാത്രമാണ് കെ.എസ്.ഇ.ബി നടപ്പാക്കിയത്. പവർ ഹൗസിലെ താപനില ഉയരുന്നത് സംബന്ധിച്ചുള്ളതായിരുന്നു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ എയർകണ്ടീഷൻ സിസ്റ്റം പൂർണ്ണമായും മാറ്റി സ്ഥാപിച്ചെങ്കിലും താപനില പലപ്പോഴും ഉയരുന്നതായി ജീവനക്കാർ പറയുന്നു. പവർ ഹൗസിനുള്ളിൽ ഓക്‌സിജൻ പാർലർ പ്രവർത്തിപ്പിക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും അത് ഇപ്പോഴും കടലാസിലുറങ്ങുകയാണ്. ജോലി സമയം 6 മണിക്കൂറായി കുറച്ചെങ്കിലും ജീവനക്കാരുടെ കുറവുകാരണം പൂർണ്ണമായി പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ കുറവുകാരണം പല ഷിഫ്റ്റുകളിലും വിദഗ്ധരെ നിയോഗിക്കാനും കഴിയുന്നില്ല. അതിനാൽ നിലവിലെ ജീവനക്കാർക്ക് ജോലിഭാരം കൂടുകയാണ്.
സങ്കീർണം സംഭ്രമജനകം
അത്യന്തം സങ്കീർണമാണ് പവർ ഹൗസിലെ സംവിധാനങ്ങൾ. 2500 അടി ഉയരമുള്ള നാടുകാണിമലയുടെ ചുവട്ടിലായി 463 അടി നീളവും 65 അടി വീതിയും 115 അടി ഉയരത്തിലാണ് ഇടുക്കി ഭൂഗർഭ വൈദ്യുതി നിലയം നിർമ്മിച്ചിരിക്കുന്നത്. സമുദ്രനിരപ്പിന് 200 അടി ഉയരത്തിലാണ് പവർ ഹൗസ് സ്ഥാപിച്ചിരിക്കുന്നത്.
പവർ ഹൗസിലേക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനുമുള്ള ഏക മാർഗം 1966 അടി നീളമുള്ള ഒരുതുരങ്കമാണ്. അതുകൊണ്ടുതന്നെ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പുറത്തുകടക്കുക എന്നത് ഏറെ ദുഷ്‌ക്കരമാണ്.
സംഭവപരമ്പര ഇങ്ങനെ...
1986 ഫെബ്രുവരി 16 നായിരുന്നു മൂലമറ്റം പവർ ഹൗസിലെ ആദ്യ തീപിടിത്തം. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ആറാം നമ്പർ ജനറേറ്റർ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.
1996 ഒക്ടോബര്‍ 22 ന് സ്വിച്ച്‌യാർഡിലേക്കുള്ള ട്രാൻസ്‌ഫോമർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തമുണ്ടായി. 2002 മേയ് മൂന്നിന് ഒരു ജനറേറ്ററിന്റെ ടാൻസ്‌ഫോമർ കത്തി നശിച്ച് ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം നിലച്ചു.
2003 ഓഗസ്റ്റ് 20 ന് പവര്‍ ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന പ്രഷർ ഷാഫ്റ്റിന്റെ വാൽവിന് തകരാറുണ്ടയതിനെത്തുടർന്ന് ആറു ജനറേറ്ററുകളും നിലച്ചു.
2005 സെപ്തംബർ 5ന് അഞ്ചിന് സ്വിച്ച് യാർഡിൽ പൊട്ടിത്തെറിയുണ്ടായി ട്രാൻസ്‌ഫോമർ കത്തി നശിച്ചു. ലോവർ പെരിയാർ ലൈനിന്റെ കറന്റ് ട്രാൻസ്‌ഫോമറിലായിരുന്നു പൊട്ടിത്തെറി. ഈ വർഷം തന്നെ എയർ കണ്ടീഷണർ തകരാറിലായതിനെ തുടർന്ന് താപന നില ഗണ്യമായി ഉയർന്നിരുന്നു.
2011 ജൂണ്‍ 20 ന് അഞ്ചാം നമ്പർ ജനേററ്ററിന്റെ കൺട്രോൾ പാനൽ പൊട്ടിത്തെറിച്ച് അസി.എൻജിനീയർ മെറിന്‍ ഐസക്, സബ് എൻജിനീയർ കെ.എസ് പ്രഭ എന്നിവർ മരിച്ചു. അഞ്ചാം നമ്പർ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ സ്പാർക്കിംഗ് നൽകുമ്പോൾ കണ്‍ട്രോൾ പാനലിന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
2013 നവംബർ 7ന് സ്വിച്ച് യാർഡിലെ പ്രൊട്ടക്ഷൻ ട്രാൻസ്‌ഫോമർ പൊട്ടിത്തെറിച്ച് ആറ് ജനറേറ്ററുകളും നിശ്ചലമായി. നാലാം നമ്പർ ജനറേറ്ററിന്റെ പ്രൊട്ടക്ഷന്‍ ട്രാൻസ്‌ഫോമറാണ് പൊട്ടിത്തെറിച്ചത്.
2015 ഏപ്രിൽ 28 ന് സ്വിച്ച് യാർഡില്‍ പൊട്ടിത്തെറിയുണ്ടായി. മൂന്നാം നമ്പർ ജനറേറ്ററിന്റെ ഭാഗമായ സർക്യൂട്ട് ബ്രേക്കറാണ് പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ 20 ന് രാത്രി 9.15ന് ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി രണ്ടാം നമ്പർ ജനറേറ്ററിന്റെ പ്രവർത്തനം നിലച്ചു. കഴിഞ്ഞ ശനിയാഴ്ച ആറാം നമ്പർ ജനറേറ്ററിന്റെ എൽ.എ.വി.ടി പാനലിൽ പൊട്ടിത്തെറിയുണ്ടായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.