തൊടുപുഴ: പുതിയ നോട്ടുകൾ കണ്ടാൽ യഥാർത്ഥമാണോ, വ്യാജനാണോ എന്ന് ആരായാലും ഒന്ന് സംശയിക്കും. പുത്തൻ നൂറിന്റെ കാര്യത്തിൽ ഈ സംശയം ബലവത്താകാനും സാദ്ധ്യതയുണ്ട്. ഇവിടെയാണ് കള്ളനോട്ട് സംഘങ്ങൾ പിടിമുറുക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എഴുപത് ലക്ഷം രൂപയുടെ കള്ള നോട്ടാണ് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അധികൃതർ പിടിച്ചെടുത്തത്. ഏതാനും ദിവസം മുൻപ് വണ്ണപ്പുറം ടൗണിൽ നിന്ന് 24,000 രൂപയുടെ കള്ളനോട്ടുമായി രണ്ട് യുവാക്കൾ അറസ്റ്റിലായിരുന്നു. കൂടാതെ സമാന സംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി ജില്ലയിൽ 10 പേർ അറസ്റ്റിലായിട്ടുമുണ്ട്. പിടിയിലായവരിൽ നിന്ന് നോട്ട് അച്ചടിക്കുന്ന സാമഗ്രികൾ, കളർ പ്രിന്ററുകൾ എന്നിവ കണ്ടെടുത്തിരുന്നു. പുതിയ 1000 രൂപ നോട്ട് ഇറങ്ങുമെന്ന പ്രചാരണമുണ്ടായപ്പോൾ തന്നെ അതിന്റെ വ്യാജൻ നിർമിക്കാനും സംഘം തയാറെടുത്തിരുന്നതായി പൊലീസ് പറഞ്ഞു.
കള്ളൻ കടുത്തതാണ്
കമ്പ്യൂട്ടർ, പ്രിന്റർ, സ്കാനർ, മികച്ച നിലവാരത്തിലുള്ള പേപ്പർ, വിലകൂടിയ മഷി എന്നിവയുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും കള്ളനോട്ട് അടിക്കാമെന്ന സ്ഥിതിയാണുള്ളത്. ഇത് ഉയർത്തുന്ന സുരക്ഷാഭീഷണി വളരെ വലുതാണ്. 2000,200,100 രൂപ നോട്ടുകളാണ് കൂടുതലായി വ്യാജമായി അച്ചടിക്കുന്നത്. ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കുക എളുപ്പമല്ല. വിശദമായ പരിശോധനയിൽ മാത്രമേ കള്ളനെ തിരിച്ചറിയാൻ കഴിയൂവെന്നത് കാര്യങ്ങളെ കൂടുതൽ കടുത്തതാക്കുന്നു. യൂട്യൂബിൽ നിന്ന് പഠിച്ച് കള്ളനോട്ട് അച്ചടിച്ച നാലംഗ സംഘം മറയൂരിൽ പിടിയിലായത് ഒരു വർഷം മുമ്പാണ്. തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. മുമ്പ് വണ്ടിപ്പെരിയാറിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് 42 ലക്ഷത്തിന്റെ കള്ളനോട്ടാണ്. കേരള പൊലീസിന്റെ ക്രൈം ബ്രാഞ്ച്, കേന്ദ്രസർക്കാർ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ), കസ്റ്റംസ് എന്നിവരാണ് കള്ളനോട്ട് കണ്ടെത്തി കേസെടുക്കാൻ അധികാരപ്പെട്ട വിഭാഗങ്ങൾ. ക്രൈംബ്രാഞ്ച് പിടികൂടുന്ന കേസുകളിൽ അധികവും അതതു ജില്ലകളിലെ മജിസ്ട്രേട്ട് കോടതികളിൽ വിചാരണ ചെയ്യും. കേന്ദ്ര ഏജൻസികൾ പിടികൂടുന്ന കേസുകൾ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) അനുസരിച്ചാണ് റജിസ്റ്റർ ചെയ്യാറുള്ളത്. കൊച്ചിയിലെ അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് (സാമ്പത്തിക കുറ്റ വിചാരണ) കോടതിയിലായിരിക്കും വിചാരണ.