10000 രൂപ പിഴയും ഈടാക്കി

വാഗമൺ: സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധനം ലംഘിച്ച് പ്രവർത്തനം നടത്തിയ സ്വകാര്യ റിസോർട്ടിന് 10000 രൂപ പിഴയും സ്റ്റോപ്പ് മെമ്മോയും. വാഗമണ്ണിലെ ഗ്രീൻലൈൻ റിസോർട്ടിനെതിരെയാണ് ഡിസ്‌പോസിബിൾ പ്ലേറ്റുകളും മറ്റും ഉപയോഗിച്ചതിന് ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി പി ഷിജുകുമാർ പിഴ ഈടാക്കിയത്. ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റിസോർട്ടിന് സ്‌റ്റോപ്പ് മെമ്മോ നൽകിയത്.
കണ്ണൂർ ഇരിക്കൂർ ഗ്രാമപ്പഞ്ചായത്ത് സീനിയർ ക്ലർക്ക് പി കെ രാജേഷിന്റെ വാട്‌സ് ആപ്പ് പോസ്റ്റിലൂടെയാണ് ഇപ്പോഴും തുടരുന്ന പ്ളാസ്റ്റിക് ഉപയോഗം ശ്രദ്ധിക്കപ്പെട്ടത്. . ഞായറാഴ്ച വാഗമണ്ണിലെത്തിയതായിരുന്നു രാജേഷും മലപ്പട്ടം പഞ്ചായത്തിലെ സുഹൃത്തുക്കളും. രാവിലെ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ പേപ്പർ പ്ലേറ്റും ഗ്ലാസുകളും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവ നിരോധിച്ചതാണെന്നും ഇതിൽ ഭക്ഷണം നൽകുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാണിച്ചപ്പോൾ ഇവിടെ ആ നിയമം ബാധകമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഭക്ഷണം വേണമെങ്കിൽ ഇവ ഉപയോഗിക്കണമെന്നും റിസോർട്ടധികൃതർ അറിയിച്ചു. മറ്റുമാർഗ്ഗങ്ങളില്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള 58 പേർക്ക് അവിടെ നിന്നും ഭക്ഷണം കഴിച്ചു.
സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധനവും ഗ്രീൻ പ്രോട്ടോക്കോളുമൊക്കെ ഏറ്റവും മികച്ച നിലയിൽ നടക്കുന്ന പഞ്ചായത്താണ് കണ്ണൂരിലെ ഇരിക്കൂറും മലപ്പട്ടവും. എന്നും അവിടുത്തേതിൽ നിന്നും വ്യത്യസ്തമായി വാഗമണ്ണിൽ നിർബാധം തുടരുന്ന നിയമവിരുദ്ധ പ്രവർത്തനം വാട്‌സാപ്പിലും ഫേസ്ബുക്കിലും രാജേഷ് പോസ്റ്റ് ചെയ്തു.ഈ റിസോർട്ടിൽ മാത്രമല്ല സന്ദർശിച്ച എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ഇതാണ് സ്ഥിതിയെന്ന് രാജേഷിന്റെ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു.ഇക്കാര്യം ശ്രദ്ധതിൽപ്പെട്ട ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി പി ഷിജുകുമാർ റിസോർട്ടിനെതിരെ നടപടിയെടുക്കുകയായിരുന്നു.