കട്ടപ്പന: ഇരട്ടയാർ കുരിശുമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു. മുള്ളൂർ ബിജു ജോസഫി(47) നാണ് കാലിനു പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് കാട്ടുപന്നി പുരയിടത്തിലെത്തിയത്. കുരുമുളക് വിളവെടുത്തുകൊണ്ടിരുന്ന ബിജു വളർത്തുപന്നിയാണെന്ന ധാരണയിൽ അടുത്തെത്തിയപ്പോൾ ആക്രമിക്കുകയായിരുന്നു. വലതുകാലിന്റെ മുട്ടിനുമുകളിൽ പരിക്കേറ്റ ബിജുവിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസികളുടെ പുരയിടങ്ങളിലും കാട്ടുപന്നി നാശംവിതച്ചു. കാട്ടുപന്നി എത്തിയപ്പോൾ വെളുത്തേടത്ത്പറമ്പിൽ ജയിംസ് ഗോവണിയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഉള്ളാട്ടിൽ കുളത്തുങ്കൽ രഘു, നെടുങ്ങാട്ടിൽ ജോർജ് എന്നിവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പകൽസമയങ്ങളിലും കാട്ടുപന്നി ആക്രമണം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിലാണ്. പ്രദേശത്ത് കാടുപിടിച്ചുകിടക്കുന്ന ഏക്കറുകണക്കിനു സ്ഥലം വന്യമൃഗങ്ങളുടെ താവളമാണ്.