paalam
ഇരട്ടയാർ തങ്കമണി റോഡിലെ അപകടാവസ്ഥയിലുള്ള പാലം.

കട്ടപ്പന: ഇരട്ടയാർ ഡൈവേർഷൻ അണക്കെട്ടിനുള്ളിൽ മണലൂറ്റ് തകൃതി. ജലനിരപ്പ് താഴ്ന്ന അണക്കെട്ടിനുള്ളിലൂടെ ഒഴുകുന്ന തോട്ടിലാണ് മണൽഖനനം നടത്തുന്നത്. ഇതോടെ ഡാമിനു കുറുകെയുള്ള പാലങ്ങൾ അപകടാവസ്ഥയിലായി. ഇരട്ടയാർതങ്കമണി, ഇരട്ടയാർതോവാള റോഡുകൾ കടന്നുപോകുന്ന രണ്ടുപാലങ്ങളും പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. കഴിഞ്ഞ രണ്ടുപ്രളയങ്ങളിലായി വൻതോതിൽ മണൽ അണക്കെട്ടിൽ ഒഴുകിയെത്തിയിരുന്നു. എന്നാൽ സമീപവാസികളായ ചിലർ ഉദ്യോഗസ്ഥരുടെയും പഞ്ചായത്തിന്റെയും മൗനാനുവാദത്തോടെ മണൽ വാരൽ നടത്തിവന്നിരുന്നു. എന്നാൽ നീരൊഴുക്ക് കുറഞ്ഞതോടെ മണൽവാരൽ സംഘങ്ങളുടെ എണ്ണവും വർദ്ധിച്ചു. രാത്രികാലങ്ങളിൽ അണക്കെട്ടിന്റെ പല മേഖലകളിലായി ഖനനം നടത്തി മണൽ കടത്തുകയാണ്. സംഘങ്ങൾ തമ്മിൽ വാക്കേറ്റവും സംഘർഷവും പതിവായി.
രണ്ടു പാലങ്ങളുടെയും തൂണുകൾ തോടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കോൺക്രീറ്റ് തൂണുകളുടെ അടിവശത്ത് തോടിനുള്ളിൽ അടിഞ്ഞുകിടക്കുന്ന മണൽ ഖനനം ചെയ്ത് കടത്തുകയാണ്. തൂണുകൾക്ക് ബലക്ഷയമുണ്ടായാൽ പതിറ്റാണ്ടുകൾ പഴക്കമുള്ള പാലങ്ങൾ നിലംപൊത്തും.

നിയമം ഒരുവഴിക്ക് മണലൂറ്റ് മറുവഴിക്ക്

വാരിയിടുന്ന മണൽ ജീപ്പുകളിലാണ് അണക്കെട്ടിൽ നിന്നു കടത്തുന്നത്. മണലൂറ്റുന്ന സ്ഥലത്തേയ്ക്ക് ജീപ്പുകൾ എത്തിച്ചേരാൻ താൽകാലികമായി റോഡും നിർമിച്ചിട്ടുണ്ട്. പാലങ്ങളുടെ നൂറുമീറ്റർ ചുറ്റളവിൽ മണൽഖനനം പാടില്ലെന്നു നിരവധിതവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു അവഗണിച്ചും മണലൂറ്റ് നിർബാധം തുടർന്നതോടെ ജനുവരി നാലിന് ഭരണസമിതി യോഗം ചേർന്ന് പ്രമേയം പാസാക്കിയിരുന്നു. മണൽവാരൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണ്.


പാലങ്ങൾ ജീർണാവസ്ഥയിൽ

മൂന്നരപ്പതിറ്റാണ്ട് പഴക്കമേറിയതാണ് ഇരട്ടയാർതങ്കമണി റോഡിലുള്ള പാലം. കൈവരികളും തൂണിന്റെ അടിത്തറയും തകർന്ന് അപകടാവസ്ഥയിലായിട്ടും പാലത്തിന്റെ പുനർനിർമാണത്തിനു നടപടിയില്ല. 1982ൽ കെ.എസ്.ഇ.ബി. നിർമിച്ചപാലം ആയിരക്കണക്കിനു യാത്രക്കാരുടെ ആശ്രയമാണ്. തോപ്രാംകുടി, പ്രകാശ്, മുരിക്കാശേരി, എറണാകുളം, ഈട്ടിത്തോപ്പ്, മേലേചിന്നാർ, അടിമാലി ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സിസ്വകാര്യ ബസുകളടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. വീതി കുറഞ്ഞ പാലത്തിലൂടെ ഇരുദിശങ്ങളിൽ നിന്നും ഒരേസമയം വാഹനങ്ങൾ എത്തിയാൽ ഗതാഗതം തടസപ്പെടും. നിരവധി അപകടങ്ങളാണ് മുമ്പ് ഉണ്ടായിട്ടുള്ളത്. 1995ൽ പാലം പി.ഡബ്ല്യു.ഡിക്ക് കെ.എസ്.ഇ.ബി. കൈമാറിയിരുന്നു. പാലത്തിന്റെ അടിവശം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഭാരം വഹിച്ചുള്ള വാഹനങ്ങൾ ദിവസവും ഇതുവഴി പോകുന്നു. ഇരട്ടയാർതോവാള റോഡിലെ പാലത്തിന്റെ സ്ഥിതിയും വിഭിന്നമല്ല. കോൺക്രീറ്റ് കൈവരികളും അടിവശവും തകർന്ന നിലയിലാണ്. നെടുങ്കണ്ടം, എഴുകുംവയൽ, വലിയതോവാള എന്നിവിടങ്ങളിലേക്കു ബസുകളും പാലത്തിലൂടെയാണ് പോകുന്നത്. പാലങ്ങളുടെ പുനർനിർമാണത്തിനു മുമ്പ് രൂപരേഖ തയാറാക്കിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.