തൊടുപുഴ : വകമാറ്റാൻ നിയമസാദ്ധ്യതയില്ലാത്ത ക്ഷേമപദ്ധതികളുടെ പണം അട്ടിമറിക്കുന്നത് പാവപ്പെട്ട തൊഴിലാളികളുടെ പിച്ചചട്ടിയിൽ കയ്യിട്ടുവാരുന്നതിന് തുല്യമാണെന്ന് ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി.) ജില്ലാ പ്രസിഡന്റ് എ.പി. ഉസ്മാൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഖനീഫ നയിക്കുന്ന സമരജാഥയുടെ സ്വാഗത സംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറി കെ.പി. റോയി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായി ജോസ് അഗസ്റ്റിൻ, മനോജ് കോക്കാട്ട് എന്നിവരേയും, കെ.പി. റോയി (ചെയർമാൻ), ബീന ജോളി (ജനറൽ കൺവീനർ), കൺവീനർമാരായി കെ.കെ. മുകുന്ദൻ, ടി.പി. ജോയി എന്നിവരടങ്ങിയ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.