carrybag
ആലക്കോട് ഇൻഫന്റ് ജീസസ് എൽ.പി. സ്‌കൂളിൽ അമ്മമാർക്കായി നടത്തിയ കാരിബാഗ് നിർമാണ പരിശീലനത്തിൽ നിന്ന്.

ആലക്കോട് : സാധാരണ സ്കൂളിലേയ്ക്ക് രക്ഷിതാക്കളെ വിളിക്കുന്നത് മക്കളുടെ പഠനവുമായ കാര്യങ്ങൾക്കാണെങ്കിൽ ഇവിടെ രക്ഷിതാക്കൾ വന്നത് വേറിട്ട കാര്യത്തിനായിരുന്നു. വിവിധ പ്ളാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ചതോടെ കാരിബാഗ് ഉൾപ്പടെയുള്ളവ നിർമ്മിക്കുന്നതിന് അമ്മമാർക്ക് സ്കൂളിൽ നിന്ന് പരിശീലനം നൽകുന്നതിനായിരുന്നു വിളിച്ച് വരുത്തിയത്. അങ്ങനെ ആലക്കോട് ഇൻഫന്റ് ജീസസ് എൽ.പി. സ്‌കൂളിൽ അമ്പതിലധികം അമ്മമാർ കാരിബാഗ് നിർമ്മാണ പരിശീലന കളരിയിൽ പങ്കെടുത്തു.. 'സീറോ കോസ്റ്റ് ' കാരിബാഗുകൾ നിർമിച്ച് ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു പരിശീലന പരിപാടിയുടെ ലക്ഷ്യം. ഇതിനോടകം പുനരുപയോഗ സാദ്ധ്യതയും പരിസ്ഥിതി സൗഹൃദപരവുമായ വിവിധയിനം ബാഗുകളാണ് നിർമ്മിച്ചത്. വീടുകളിൽ നിന്ന് ശേഖരിച്ച പഴയ തുണികളാണ് ബാഗ് നിർമാണത്തിന് ഉപയോഗിച്ചത്. ബാഗുകൾ ഏറ്റെടുത്ത് വിപണിയിലെത്തിക്കുന്നതിന് ആലക്കോട് പഞ്ചായത്ത് സന്നദ്ധതയറിയിച്ചിട്ടുണ്ട്. ബാഗ് വിൽപ്പനയിൽ നിന്നും ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം നിർമ്മാണത്തിൽ പങ്കാളികളാകുന്ന അമ്മമാർക്കും ബാക്കി സ്‌കൂളിന്റെ വികസനത്തിനും ഉപയോഗിക്കുന്നതിനാണ് തീരുമാനം. വാർഡ് മെമ്പർ റെജി സേവി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രധാനാദ്ധ്യാപിക സോഫിയാമ്മ ജോസ് പരിശീലന ക്ലാസുകൾ നയിച്ചു. അദ്ധ്യാപകരായ അരുൺ .കെ. ജോർജ്, ചാൾസ് മാത്യു എന്നിവർ നേതൃത്വം നൽകി.