പവർഹൗസ് ജീവനക്കാർ ആശങ്കയിൽ കൂട്ട സ്ഥലം മാറ്റത്തിന് ശ്രമം
മൂലമറ്റം: പവർഹൗസിൽ അടിക്കടിയുണ്ടായ രണ്ട് പൊട്ടിത്തെറികളിൽ ആശങ്കാകുലരായ ജീവനക്കാർ കൂട്ടത്തോടെ സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നു. ഏതുനിമിഷവും അപകട സാദ്ധ്യത നിലനിൽക്കുന്ന പവർഹൗസിൽ ജോലിക്ക് സുരക്ഷിതത്വമില്ലെന്നാണ് ജീവനക്കാർ പറയുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് സ്ഥലം മാറ്റം ലഭിച്ച പലരും ജോലിയിൽ പ്രവേശിക്കാനും തയ്യാറാകുന്നില്ല. ജോലി സമയം ആറ് മണിക്കൂറായി കുറച്ചെങ്കിലും ജീവനക്കാരുടെ കുറവുമൂലം പൂർണമായി പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ തന്നെ ജീവനക്കാർ കുറവായതിനാൽ പല ഷിഫ്‌റ്റുകളിലും വിദഗ്ദ്ധരെ നിയോഗിക്കാൻ ഹൗസ് കീപ്പിംഗ് വിഭാഗത്തിന് കഴിയുന്നില്ല. അതിനാൽ ഉള്ളവർക്ക് ജോലിഭാരം കൂടുകയാണ്. ജനറേഷൻ വിഭാഗത്തിന് കീഴിൽ സ്വിച്ച്‌യാർഡ്, ജനറേറ്റർ, ട്രാൻസ്‌ഫോർമർ, ടർബൈൻ, ഗവേണിംഗ്, വാട്ടർ കണ്ടക്ടർ, ഇ ആന്റ് സി എന്നീ സബ് ഡിവിഷനുകളാണ് പവർഹൗസിലുള്ളത്. എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് ഡിവിഷന്റെ ചുമതല. ഓരോ ഡിവിഷന് കീഴിലും സബ് ഡിവിഷനുകളും പ്രവർത്തിക്കുന്നുണ്ട്. പല തസ്തികകളിലും ആളില്ലാത്തതിനാൽ പലർക്കും ഒന്നിലധികം പോസ്റ്റുകളുടെ ചുമതലയുമുണ്ട്. ജീവനക്കാരുടെ ഷിഫ്‌റ്റ് ക്രമീകരിക്കാനുള്ള ഹൗസ് കീപ്പിംഗ് വിഭാഗം അസി. എക്സി. എൻജിനീയർക്ക് വരെ കൺട്രോൾ റൂമിൽ ഷിഫ്‌റ്റ് ജോലി ചെയ്യുന്നുണ്ട്.
പ്രധാന ആശങ്കകൾ
പവർ ഹൗസിന് അകത്തേക്കും പുറത്തേക്കുമുള്ള ഏക വഴി 1966 അടി നീളമുള്ള തുരങ്കം.
എന്തെങ്കിലും അപകടമുണ്ടായാൽ പുറത്തുകടക്കുക ദുഷ്‌കരം
ജീവനക്കാർക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ല
സുരക്ഷ ഉറപ്പാക്കാൻ സംഘടനകൾ ഇടപെടുന്നില്ല
ദുരന്തത്തിൽ നിന്ന് പാഠം പഠിച്ചില്ല
2011 ജൂൺ 21ന് പവർഹൗസിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് എൻജിനീയർമാർ മരിച്ചിരുന്നു. തുടർന്ന് കെ.എസ്.ഇ.ബി മുൻ അംഗം കെ. രാധാകൃഷ്ണൻ ചെയർമാനായ അന്വേഷണ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ സമിതി റിപ്പോർട്ടിലെ ശുപാർശകൾ കെ.എസ്.ഇ.ബി ഭാഗികമായി മാത്രമാണ് നടപ്പാക്കിയത്. പവർഹൗസിലെ താപനില ഉയരുന്നതിനെക്കുറിച്ചായിരുന്നു റിപ്പോർട്ടിലെ പ്രധാന ഭാഗം. സിസ്റ്റം പൂർണ്ണമായും മാറ്റി സ്ഥാപിച്ചെങ്കിലും പലപ്പോഴും താപനില ഉയരുന്നതായി ജീവനക്കാർ പറയുന്നു. പവർ ഹൗസിനുള്ളിൽ ഓക്സിജൻ പാർലർ പ്രവർത്തിപ്പിക്കണമെന്ന ശുപാർശ ഇപ്പോഴും കടലാസിലാണ്.
പവർഹൗസിന്റെ പ്രത്യേകതകൾ
ഇന്ത്യയിലെ വലിപ്പമേറിയ ഭൂഗർഭ ജല വൈദ്യുതി നിലയം
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതി
സ്ഥിതി ചെയ്യുന്നത് 2500 അടി ഉയരമുള്ള നാടുകാണി മലയുടെ ചുവട്ടിൽ
ഭൂഗർഭ നിലയത്തിന് 463 അടി നീളം, 65 അടി വീതി, 115 അടി ഉയരം
സമുദ്രനിരപ്പിൽ നിന്ന് 200 അടി ഉയരത്തിൽ
ഉദ്ഘാടനം ചെയ്തത് 1976ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി