മുട്ടം: പെരുമറ്റത്തിന് സമീപ റോഡരുകിൽ മലങ്കര പുഴയോട് ചേർന്ന് കോഴി മാലിന്യം തള്ളി. ഇന്നലെ രാവിലെയാണ് പ്ലാസ്റ്റിക്ക് ചാക്കിൽ നിറച്ച ദുർഗന്ധം വമിക്കുന്ന മാലിന്യം റോഡരുകിൽ കിടക്കുന്നതായി വഴി യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഞായറാഴ്ച്ച രാത്രിയിൽ റോഡിനോട് ചേർന്നുള്ള പുഴയിലേക്ക് മാലിന്യം തള്ളാൻ ശ്രമിക്കുന്നതിനിടയിൽ റോഡരുകിൽ വീണതാകാമെന്ന് പ്രദേശവാസികൾ പറയുന്നു. ആലുവ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്ന് ശൗചാലയ മാലിന്യം ഉൾപ്പെടെയുള്ള മാലിന്യം മലങ്കര അണക്കെട്ടിലെ വെള്ളത്തിലും പെരുമറ്റം കനാൽ , തുടങ്ങനാട്, ശങ്കരപ്പള്ളി ഭാഗങ്ങളിലും വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത് വ്യാപകമായിരുന്നു. എന്നാൽ മുട്ടം പൊലീസും പഞ്ചായത്തും സംയുക്തമായി ചേർന്ന് ചേർന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് രാത്രി കാലങ്ങളിൽ നടത്തിയ പരിശോധനയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ചില സംഭവങ്ങളിൽ മാലിന്യം തള്ളിയവർക്കെതിരെ കോടതിയിൽ കേസും നൽകിയിരുന്നു.