james

തൊടുപുഴ: വീടിന് സമീപത്തെ റബർ തോട്ടത്തിൽ പടർന്നുപിടിച്ച തീ അണയ്ക്കുന്നതിനിടെ മദ്ധ്യവയസ്കൻ പൊള്ളലേറ്റ് മരിച്ചു. കോലാനി പാറക്കടവ് കുന്നപ്പിള്ളിൽ ജെയിംസ് മാത്യു (52) വാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. പാറക്കടവിൽ ഏക്കറുകണക്കിന് വരുന്ന റബർതോട്ടത്തിൽ നിയന്ത്രണാതീതമായി തീപിടിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഫയർഫോഴ്സും കരിങ്കുന്നം പൊലീസും സ്ഥലത്തെത്തുന്നത്. തുടർന്ന് ഫയർഫോഴ്സ് തീയണക്കുന്നതിനിടെ സമീപത്ത് നിന്ന്പൊള്ളലേറ്റ് നിലയിൽ കിടക്കുന്ന ജെയിംസിനെ മകൾ ജന്മയാണ് കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിന്റെ സ്ട്രച്ചറിൽ ചുമന്ന് 250 മീറ്റർ അകലെയുള്ള റോ‌ഡിലെത്തിച്ചു. ഇവിടെ നിന്ന് ഫയർഫോഴ്സ് ആംബുലൻസിൽ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തോട്ടത്തിൽ പശുവിന്റെ മേയ്ക്കാൻ പോയതായിരുന്നു ജെയിംസ്. ഇതിനിടെ റബർതോട്ടം കത്തുന്നത് കണ്ട് അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയോ വസ്ത്രത്തിൽ തീ പടരുകയോ ചെയ്തിരിക്കാമെന്ന് പൊലീസ് പറയുന്നു. പൈനാപ്പിൾ ചെടി ഉണങ്ങിക്കിടന്നതിന് തീ പിടിച്ചതാണ് കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് തീ പടർരാൻ കാരണം. പൊള്ളലേറ്റതാണോ ഹൃദയസ്തംഭനമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. ഭാര്യ: സൽമ അരീക്കര കാരാമകുഴിയിൽ കുടുംബാംഗം. മക്കൾ: ജിബിൻ (എം.ബി.എ വിദ്യാർത്ഥി, മംഗലാപുരം), ജന്മ (ഒമ്പതാം ക്ലാസ് വിദ്യാർത്ഥി, തൊടുപുഴ ഡീപോൾ സ്കൂൾ). സംസ്കാരം പിന്നീട്.