മൂലമറ്റം: പതിപ്പള്ളി മേമുട്ടം ചക്കിവര ഭാഗത്ത് താമസിക്കുന്ന അറക്കപടിക്കൽ ശശിധരനെ കൊന്ന് വീടിന് സമീപമുള്ള ചതുപ്പിൽ തള്ളിയ സംഭവത്തിൽ പ്രതി അനിലിനെ കോടതി റിമാന്റ്ചെയ്യാനും അനിലിന്റെ ഭാര്യയായ സൗമ്യയെ ജാമ്യത്തിൽ വിടാനും മുട്ടം കോടതി ഉത്തരവായി.കഴിഞ്ഞ ഞായറാഴ്ച്ചയാണ് ശശിധരന്റെ മൃതദേഹം വീടിന്റെ അടുത്ത് നിന്ന് ഒരു കി. മീറ്റർ അകലെയായി വെള്ളക്കെട്ടുള്ള വിജനമായ ചതുപ്പിൽ കിടക്കുന്നത് പൊലീസ് കണ്ടെത്തിയത്.

കഴിഞ്ഞ15 ന് പ്രതിയായ അനിലിന്റെ വീട്ടിൽ അനിലും ശശിധരനും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയിൽ അനിലിന്റെ ഒന്നര വയസുള്ള കുട്ടി സിമന്റ് തറയിൽ കിടന്ന് കരഞ്ഞു. ശശിധരൻ തമാശ രൂപേണ കുഞ്ഞിന്റെ കാലിൽപ്പിടിച്ച് വലിച്ചതായി പറയുന്നു.ഇതുമായി ബന്ധപ്പെട്ട് ശശിധരനും അനിലും തമ്മിൽ നടന്ന വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പൊലീസിൽ മൊഴി നൽകി.വാക്ക് തർക്കത്തിൽ പ്രകോപിതനായ അനിൽ വീട്ടിലുണ്ടായിരുന്ന തടിക്കഷ്ണം കൊണ്ട് ശശിധരന്റെ തലയ്ക്ക് അടിച്ചതിനെ തുടർന്നാണ് ശശിധരൻ മരണപ്പെട്ടതും. സംഭവം നടന്ന വീട്ടിൽ നിന്നും മൃത ദേഹം ഒരു കിലോമീറ്റർ അകലെയുള്ള ചെങ്കുത്തായ ചതുപ്പുനിലത്തിൽ ചുമന്നും വലിച്ചിഴച്ചുമാണ് അനിൽ മൃതദേഹം കൊണ്ട് പോയി തള്ളിയത്. കൊലപാതകം നടന്ന കാര്യം അറിഞ്ഞിട്ടും വിവരം രഹസ്യമാക്കി എന്ന കാരണത്താലാണ് അനിലിന്റെ ഭാര്യയെ പ്രതിയാക്കിയത്. കൊല്ലപ്പെട്ട ശശിധരൻ വർഷങ്ങളായിട്ട് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. ശശിധരൻ കൂലി പണികൾക്കായി പലയിടത്തും പോകാറുണ്ട്. അത്തരത്തിൽ പണികൾക്കായി ദൂരെ എവിടെയെങ്കിലും പോയതാവും എന്നാണ് മക്കൾ കരുതിയത്. ഇയാളുടെ മക്കൾ പഠനാവശ്യത്തിനായി ഹോസ്റ്റലിലാണ്. കുറച്ചു ദിവസങ്ങളായി ശശിധരനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് ശശിധരന്റെ മക്കളും ബന്ധുക്കളും ചേർന്ന് കാഞ്ഞാർ പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം നടന്നതും പ്രതിയെ പിടികൂടിയതും. ശശിധരന്റെ മൃത ദേഹം പോസ്റ്റ് മൊട്ടത്തിനായി ഞായറാഴ്ച്ച കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. പോസ്റ്റ് മൊട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് വീട്ട് വളപ്പിൽ ശശിധരന്റെ മൃതദേഹം സംസ്‌ക്കരിച്ചു.