തൊടുപുഴ: വീടിനോട് ചേർന്ന പുകപ്പുര കത്തിനശിച്ചു. കോലാനി പാറക്കടവ് പാലതൊട്ടിയിൽ പി.ആർ. സാബുവിന്റെ വീടിനോട് ചേർന്ന പുകപ്പുരയ്ക്കാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. റബർ ഷീറ്റ് പുകയ്ക്കുന്നതിനിടെ ഓടുമേഞ്ഞ പുകപ്പുരയിൽ തീപടരുകയായിരുന്നു. ഇതിനിടെ മുറിയിലുണ്ടായിരുന്ന ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചതോടെ തീ ആളിപടർന്നു. മുറിയിലുണ്ടായിരുന്ന അലമാര, കട്ടിൽമേശ എന്നിവയും കത്തിനശിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ പി.വി. രാജൻ, സീനിയർ ഫയർഓഫീസർ ടി.ഇ. അലിയാർ, ഫയർ ഓഫീസർമാരായ മുഹമ്മദ് കബിർ, ജിനീഷ്, അനീഷ്, ബിൽസ്, നൗഷാദ്, സജാദ് , വിവേക് എന്നിവർ ചേർന്നാണ് തീയണച്ചത്.