fire
മുരിക്കാശ്ശേരി -പതിനാറാംകണ്ടത്ത് കാറും ഓട്ടോറിക്ഷയും സാമൂഹ്യവിരുദ്ധർ തീകത്തിച്ച് നശിച്ച നിലയിൽ.

ചെറുതോണി: മുരിക്കാശ്ശേരി - പതിനാറാംകണ്ടത്ത് ഇന്നലെ വെളുപ്പിന് വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും, കാറും സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. പതിനാറാംകണ്ടം ആലപ്പുറം ബാബാ കുഞ്ഞിന്റെ വീടിന് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും എതിർ വശത്തുള്ള വീടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന റിറ്റ്സ് കാറുമാണ് കത്തി നശിച്ചത്. ബാബാ കുഞ്ഞിന്റെ മകന്റെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് വാഹനങ്ങളും. ഓട്ടോറിക്ഷ ഏതാണ്ട് പൂർണ്ണമായി കത്തി നശിച്ചു. കാറിന്റെ പിൻ വശത്തെ ഗ്ലാസ്സും ഫൈബറും വയറിംഗും കത്തി നശിച്ചിട്ടുണ്ട്. കുപ്പിയിൽ പെട്രോൾ നിറച്ച് വാഹനത്തിലേക്ക് എറിഞ്ഞതിന് ശേഷം തീ പന്തം എറിയുകയായിരുന്നുവെന്നാണ് നിഗമനം. പന്തവും കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ് മൂന്നോടെയാണ് സംഭവം. ഒച്ച കേട്ട് ബാവാക്കുഞ്ഞും ഭാര്യയും ജനൽ തുറന്ന് നോക്കിയപ്പോൾ മുറ്റത്ത് തീ കത്തുന്നതാണ് കണ്ടത്. തുടർന്ന് മക്കളെ വിളിച്ചുണർത്തി പുറത്ത് വന്ന് നോക്കിയപ്പോഴാണ് ഓട്ടോയും കാറും കത്തുന്നത് കണ്ടത്. ഇരു ചക്ര വാഹനത്തിൽ എത്തിയവരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. മുരിക്കാശ്ശേരി ടൗണിൽ ബജ്ജി കട നടത്തുന്നവരാണ് ആലപ്പുറത്ത് ബാബാകുഞ്ഞും കുടുംബവും. മുരിക്കാശ്ശേരി പൊലീസും ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.