ചെറുതോണി: അനധികൃതമായി പ്രവർത്തിച്ചുവന്ന പാറമട അടച്ചുപൂട്ടാനും പാറഖനനത്തിന് പിഴ ഈടാക്കാനും ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഉത്തരവായി. ഇടുക്കി-ഇരുകൂട്ടി ക്വാറിയും ക്രഷർ യൂണിറ്റുമാണ് അടച്ചുപൂട്ടാൻ ഉത്തരവായിരിക്കുന്നത്. ജിയോളജി വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചാണ് പാറമട പ്രവർത്തിച്ചിരുന്നത്. സുപ്രീംകോടതി ഉത്തരവും വന്യജീവി സങ്കേതത്തിൻരെ പത്തുകിലോമീറ്റർ ചുറ്റളവിൽ ഖനനത്തിന് മുൻകൂർ അനുമതിവേണമെന്ന് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലത്തിന്റെ ഉത്തരവ് മറികടന്നാണ് ക്വാറി പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒക്‌ടോബറിലാണ് പാറമടയ്ക്ക് ജിയോളജി വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലഭിച്ചിരുന്നത്. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് ക്വാറിപ്രവർത്തിപ്പിച്ചതിന് ഉടമക്കെതിരെ നടപടിയെടുക്കാൻ രണ്ട് തവണ പൊലീസിനോടും വില്ലേജ് ഓഫീസറോടും ജിയോളജിവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവിടെ പാറഖനനം നടക്കുന്നില്ലെന്ന മറുപടിയാണ് ഇരുകൂട്ടരും നൽകിയത്. ഈ പാറമടയിൽ നിന്നും ദിവസവും നൂറിലധികം ലോഡ് കരിങ്കല്ലുകൾ കടത്തിയിരുന്നുവെന്നാണ് കമ്‌ടെത്തിയിരിക്കുന്നത്. ക്വാറി അടച്ചുപൂട്ടി സീൽ വക്കുകയും ജിയോളജി വകുപ്പിന്റെ പരിശോധനക്കുശേഷം അനധികൃത പാറ ഖനനത്തിന് പിഴചുമത്തുമെന്നും കളക്ടർ അറിയിച്ചു.