forest

മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ വണ്ണാന്തുറ വനമേഖലയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ഏറുമാടം നിർമ്മിക്കനുള്ള വനം വകുപ്പിന്റെ നീക്കാം പ്രദേശവാസികൾ തടഞ്ഞു. ഇടക്കടവ് സ്വദേശി തങ്കവേലിന്റെ ഭൂമിയിലെ വലിയ മരത്തിൽ കാട്ടു തീ നിരീക്ഷിക്കാൻ എന്ന പേരിൽ അനുവാദം കൂടാതെ വനം വകുപ്പ് ജീവനക്കാർ ഏറുമാടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. വനാതിർത്തിയോട് ചേർന്നു കിടക്കുന്ന സ്വകാര്യ ഭൂമി കൈവശപ്പെടുത്തുന്നതിനായുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ആണെന്ന് മനസ്സിലാക്കിയ പ്രദേശവാസികളാണ് സംഘടിച്ച് നിർമ്മാണം തടഞ്ഞത്. വർഷങ്ങളായി കൈവശം വച്ചും കൃഷിചെയ്തിരുന്നതുമായ തങ്കവേലുവിന്റെ എട്ട് ഏക്കർ കൃഷിഭൂമിയും സമീപത്തെ മറ്റ് കർഷകരുടെയും കൃഷിസ്ഥലങ്ങളും വനം വകുപ്പ് പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ച് നോട്ടിഫിക്കേഷൻ ഇറക്കുകയും പിന്നീട് എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സർക്കാരിന്റെ നേതൃത്വത്തിൽ കർഷകരുടെ ഭാഗത്ത് നിന്നുള്ള രേഖകൾ പരിശോധിച്ച് പട്ടയ സ്ഥലങ്ങളും വർഷങ്ങളായി കൈവശം വച്ച് കൃഷിചെയ്തു വന്നിരുന്ന സ്ഥലങ്ങളും പലഘട്ടങ്ങളായി ഒഴിവാക്കി നൽകിയിരുന്നു. ഏറുമാടം വേനൽകാലത്തേക്ക് മാത്രമാണെന്ന് വനം വകൂപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും ചെക്ക് പോസ്റ്റ് സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പദ്ധതിയുള്ളതിനാൽ പ്രദേശവാസികൾ വനംവകുപ്പ് ജീവനക്കാരോട് സഹകരിക്കില്ല.