തൊടുപുഴ: ജില്ലയിലെ നിരത്തുകൾ ഓരോ വർഷം കഴിയുന്തോറും രക്തകളമായി മാറുന്നു. 2018നെ അപേക്ഷിച്ച് കഴിഞ്ഞവർഷം ജില്ലയിൽ വാഹനാപകടളിൽ വൻ വർദ്ധന. 2019ൽ ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 116 പേരാണ് മരിച്ചത്. 1112 അപകടങ്ങൾ റിപോർട്ട് ചെയ്തു. 1354 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ 2018ൽ 91 പേരാണ് വാഹനാപകടത്തിൽ മരിച്ചത്. ഇരുചക്ര വാഹനങ്ങളാണ് അപകടങ്ങളുടെ കാര്യത്തിൽ മുന്നിലെന്ന് കണക്കുകൾ പറയുന്നു. അശ്രദ്ധമായ ഡ്രൈവിംഗും ജില്ലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ് അപകടത്തിന് കാരണം. പ്രളയശേഷം ജില്ലയിലെ ഭൂരിഭാഗം റോഡുകളും തകർന്ന നിലയിലാണ്. അരികുവശങ്ങൾ ഇടിഞ്ഞ പല റോഡുകളും അപകടഭീഷണിയാണ്.
കർശന നടപടിയുമായി പൊലീസ്
മുൻ വർഷങ്ങളെ അപേക്ഷിച്ച് അപകട നിരക്ക് കൂടിയതോടെ കർശന പരിശോധനകളുമായി പൊലീസും മോട്ടോർ വാഹന വകുപ്പും രംഗത്തിറങ്ങി. സംയുക്തമായ സും ബോധവത്കരണവും നടത്തുന്നുണ്ട്. സ്കൂൾ സമയങ്ങളിൽ ഓടുന്ന ടിപ്പർ ലോറികളുടെ പേരിലും കർശന നടപടിയെടുക്കും.
ഹെൽമറ്റില്ലാത്ത 18 പേർക്കെതിരെ കേസ്
ഇന്നലെ ഉച്ചകഴിഞ്ഞ് മുതലക്കോടം ഭാഗത്ത് നടത്തിയ വാഹനപരിശോധനയിൽ ഹെൽമറ്റ് ധരിക്കാതെ 18 ഇരുചക്രവാഹന യാത്രക്കാർക്കെതിരെ പെറ്റികേസെടുത്തു.
കാരണം പലത്
1. അശ്രദ്ധമായ ഡ്രൈവിംഗ്
2. അമിത വേഗം
3. മദ്യപിച്ചുള്ള ഡ്രൈവിംഗ്
4. ഉറക്കമളച്ചുള്ള ഡ്രൈവിംഗ്
5. രാത്രിയിൽ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത്
6. ഡ്രൈവിംഗിനിടയിലുള്ള ഫോൺ ഉപയോഗം
7. മത്സരയോട്ടം
8. റോഡുകളുടെ ശോച്യാവസ്ഥ
9. തേഞ്ഞുതീരാറായ ടയർ
10. കാര്യക്ഷമതയില്ലാത്ത വാഹനം