ഇടുക്കി: ബൈസൺവാലിയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭാര്യയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഭർത്താവ് മരിച്ചു. ബൈസൺവാലി ലക്ഷംവീട് ഭാഗത്ത് കുരുപ്പയിൽ സുഭാഷാണ് (49) മരിച്ചത്. ജനുവരി 31ന് വൈകിട്ട് ഏഴോടെയാണ് കുടുംബകലഹത്തെ തുടർന്ന് സുഭാഷിന്റെ ഭാര്യ ബിന്ദു (40) വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. തീ ആളിപ്പടർന്നതോടെ ഭാര്യയെ രക്ഷപ്പെടുത്തുന്നതിനായി കയറിപ്പിടിച്ച സുഭാഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഫെബ്രുവരി ഒന്നിന് പുലർച്ചെ മരിച്ചു. അറുപത് ശതമാനത്തിലേറെ പൊള്ളലുണ്ടായിരുന്ന സുഭാഷ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയിൽ മരണമടഞ്ഞു.മക്കൾ: .സുബീഷ്( എൻ. ആർ സിറ്റി സ്‌കൂൾ വിദ്യാർത്ഥി) ,തൃപ്തി (കുഞ്ചിത്തണ്ണി സ്‌കൂൾ വിദ്യാർത്ഥിനി)