ഏലപ്പാറ :പഞ്ചായത്തിൽ ലൈസൻസോടെയും അല്ലാതെയും പ്രവർത്തിക്കുന്ന എല്ലാ റസോർട്ടുകൾക്കും ഹോം സ്‌റ്റേകൾക്കും നോട്ടീസ് നൽകാൻ ജില്ലാ കളക്ടർ എച്ച്. ദനേശൻ ഉത്തരവിട്ടു. സർക്കാരിന്റെ സമ്പൂർണ്ണ പ്ലാസ്റ്റിക്ക്ഡിസ്‌പോസിബിൾ നരോധനം പരക്കെ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജില്ലാ കളക്ടർ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി പി ഷിജുകുമാറിന് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. വാഗമണ്ണിലെ ഗ്രീൻ ലൈൻ റസോർട്ടിൽ നരോധിത ഡിസ്‌പോസിബിളുകളിൽ ഭക്ഷണം നൽകിയത് വിവാദമാവുകയും 10000രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും ഡിസ്‌പോസിബിളുകളും നരോധിത പ്ലാസ്റ്റിക്കുകളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ പറയുന്നു. നിയമംലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർക്കശമായ നടപടി സ്വീകരിക്കണം. ആദ്യ നിയമലംഘനത്തിന് 10,000 രൂപയും രണ്ടാമത്തേതിന് 25000 രൂപയും മൂന്നാം തവണ 50000രൂപ പിഴയും ഈടാക്കി സ്ഥാപനം അടച്ചുപൂട്ടിക്കണം.
അനധികൃത റസോർട്ടുകളുടെ
വിവരം ശേഖരിക്കാൻ പ്രത്യേക സ്‌ക്വാഡ്
ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് പഞ്ചായത്തിലെ അനധികൃത സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരശേഖരണത്തിന് അഞ്ച് ജീവനക്കാരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായി ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഷിജുകുമാർ അറിയിച്ചു. ആറ് റസോർട്ടുകൾക്ക് മാത്രമാണ് പഞ്ചായത്തിൽ ലൈസൻസുള്ളത്. ബാക്കിയുള്ളവ അനധികൃതമായാണ് പ്രവർത്തിക്കുന്നത്. യാതോരുവിധ നിയമങ്ങളും പാലിക്കാതെയാണ് റസോർട്ടുകളുടെ പ്രവർത്തനം. വഴികാട്ടാൻ വാഗമൺ എന്ന ഹരിത ടൂറിസം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് തവണ പഞ്ചായത്ത് റസോർട്ട് ഹോം സ്‌റ്റേകളുടെ യോഗം വിളിച്ചെങ്കിലും ആരും യോഗത്തിനെത്തിയിരുന്നില്ല.