കട്ടപ്പന: പകൽസമയങ്ങളിൽ കാട്ടുപന്നി നാട്ടിലിറങ്ങിത്തുടങ്ങി അക്രമസ്വഭാവം കാണിക്കുന്നതോടെ നാട്ടുകാർ ആശങ്കയിലായി.പുരയിടങ്ങളിൽ നാശംവിതയ്ക്കുന്നതിനു പുറമേയാണ് ആൾക്കാരെ ആക്രമിക്കുന്നത്. കൃഷിയിടങ്ങളിൽ സ്വരളവിഹാരം നടത്തുകയാണ്. കുരുമുളക്, ഏലക്കാ വിളവെടുപ്പ് നടക്കുന്നതിനാൽ കർഷകരും തൊഴിലാളികളും ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞദിവസം കാട്ടുപന്നി ആക്രമണത്തിൽ കർഷകന് ഗുരുതരമായി പരിക്കേറ്റിരുന്നു. കപ്പയും വാഴയും കിഴങ്ങുവർഗങ്ങളും ഉൾപ്പെടെ കുത്തിമറിച്ച് നശിപ്പിക്കുകയാണ്. പുരയിടങ്ങൾക്കുചുറ്റും കമ്പി വേലി സ്ഥാപിച്ചിട്ടും നിയന്ത്രിക്കാനാകുന്നില്ല. സുരക്ഷ വേലികൾ തകർത്താണ് കൂട്ടമായി കൃഷിയിടങ്ങളിൽ എത്തുന്നത്. ഹൈറേഞ്ചിലെ ജനവാസ കേന്ദ്രങ്ങളോടു ചേർന്ന് കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ കാട്ടുപന്നികൾ താവളമാക്കുന്നു. കൂടാതെ മാലിന്യം തള്ളുന്ന പ്രദേശങ്ങളും താവളമാണ്. ആഴ്ചകൾക്കുമുമ്പ് കാഞ്ചിയാർ പാലക്കടയിലെ അരയേക്കറോളം സ്ഥലത്തെ കപ്പക്കൃഷി നാമാവശേഷമാക്കിയിരുന്നു. ഒരുലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കൂടാതെ സമീപത്തുള്ള തോട്ടത്തിലെ ഏത്തവാഴകളും കുത്തിമറിച്ച് നശിപ്പിച്ചിരുന്നു. ഇരട്ടയാർ കുരിശുമല മുള്ളൂർ ബിജു ജോസഫിനെയാണ് കാട്ടുപന്നി ആക്രമിച്ചത്. വലതു കാലിന്റെ മുട്ടിനുമുകളിൽ കുത്തേറ്റ ബിജുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.