തൊടുപുഴ: 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌കൂൾ മാതൃകയിൽ ആരംഭിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ (ബി.ആർ.സി) പ്രവേശനത്തെ ചൊല്ലി കൗൺസിലിൽ ബഹളം. അരമണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ നഗരസഭാ നടപടികൾ വൈകുന്നുവെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി. ഇന്നലെ നടന്ന തൊടുപുഴ നഗരസഭാ കൗൺസിൽ യോഗമാണ് പ്രതിഷേധത്തിൽ മുങ്ങിയത്. ബഡ്‌സ് സ്‌കൂളിലെ പ്രവേശനത്തിൽ നിന്ന് ചിലരെ ഒഴിവാക്കുന്നുവെന്ന് മുൻ നഗരസഭ ചെയർപേഴ്‌സൺ സഫിയ ജബ്ബാറാണ് കൗൺസിലിൽ ആദ്യം വിഷയം അവതരിപ്പിച്ചത്. എന്താണ് പ്രവേശന മാനദണ്ഡമെന്നറിയണമെന്നാവശ്യപ്പെട്ട സഫിയ ബഷീർ ഭിന്നശേഷിക്കാരനായ കുട്ടിയെയും മാതാവിനെയും കൗൺസിൽ ഹാളിലേക്ക് വിളിച്ചു വരുത്തിയതോടെ എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധവുമായി എഴുന്നേറ്റു. ബഡ്‌സ് സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞ കൗൺസിലിൽ ചർച്ച ചെയ്തതാണെന്നും കൗൺസിലിൽ അജണ്ടയ്ക്കപ്പുറത്തുള്ള വിഷയങ്ങൾ കൊണ്ടുവന്ന് സമയം കളയുകയാണെന്നും ഇവർ ആരോപിച്ചു. 11 മണിയോടെ ആരംഭിച്ച കൗൺസിലിൽ 12 മണിയായിട്ടും അജണ്ടയിലേക്ക് കടന്നില്ലെന്ന് ആരോപിച്ചായിരുന്നു എൽ.ഡി.എഫ് കൗൺസിലർമാരുടെ ബഹിഷ്‌കരണം. തുടർന്ന് ചെയർപേഴ്‌സൺ അജണ്ടകളിലേക്ക് കടക്കാൻ നിർദേശം നൽകി. കൗൺസിലർമാർ വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ചതിന് പരിഹാരം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണ് നടപടികൾ നീണ്ടുപോയതെന്നും ചെയർപേഴ്‌സൻ കൗൺസിലിനെ അറിയിച്ചു. എന്നാൽ അജണ്ടിയിലില്ലാത മറ്റ് വിഷയങ്ങൾ ചർച്ച ചെയ്ത് ഒരു മണിക്കൂർ വൈകിപ്പിച്ച നടപടി മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും എൽ.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ മുദ്രാവാക്യം വിളികളുമായെത്തി. തുടർന്ന് ചെയർപേഴ്‌സൺ തന്നെ അജണ്ട വായിച്ചു. ഇതിനിടെ ചെയർപേഴ്‌സന്റെ ചേമ്പറിലടിച്ച് എൽ.ഡി.എഫ് പ്രവർത്തർ ബഹളംവച്ചതോടെ യു.ഡി.എഫ് പ്രവർത്തകർ ഇതിനെ പ്രതിരോധിക്കാൻ എത്തി. ഇതോടെ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റമായി. ചെയർപേഴ്‌സൺ അജണ്ട വായിക്കുന്നത് എൽ.ഡി.എഫ് പ്രവർത്തകർ തടസപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടപടികൾ തുടർന്നതോടെ എൽ.ഡി.എഫ് പിൻവാങ്ങി. സി.പി.ഐ അംഗമായ സുമമോൾ സ്റ്റീഫൻ വാക്കൗട്ടിൽ പങ്കെടുത്തില്ല.
''ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ തകർക്കാനുള്ള ചിലരുടെ ഗൂഡനീക്കത്തിന്റെ ഭാഗമാണ് ഇന്ന് കൗൺസിലിൽ നടന്നത്. എല്ലാം നിയമപ്രകാരമായാണ് നടന്നത്. സ്കൂളിൽ ആളെ നിറയ്ക്കുന്ന പോലെ ബഡ്സ് സ്കൂളിൽ പ്രവേശനം നൽകാനാകില്ല. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ആവശ്യമാണ്."
-ആർ. ഹരി
(ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)
ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ (ബി.ആർ.സി)
18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരായവരുടെ വ്യക്തിത്വ വികസനം, ആരോഗ്യ പരിപാലനം, തൊഴിൽ വികസനം എന്നിവയാണ് ബി.ആർ.സിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ തൊടുപുഴയിലുള്ള സ്വകാര്യ സ്‌പെഷ്യൽ സ്‌കൂളുകളിൽ 18 വയസ് വരെയുള്ളവർക്കാണ് പ്രവേശനം. ഈ പ്രായം കഴിഞ്ഞവരുടെ സംരക്ഷണത്തിനാണ് ബി.ആർ.സി ആരംഭിക്കുന്നത്.