കട്ടപ്പന: നാളെ അപമാന ദിനമായി ആചരിക്കാൻ ചെറുകിട കർഷക ഫെഡറേഷൻ തീരുമാനിച്ചു. രണ്ട് പ്രളയവും കടുത്ത വേനലും തകർത്തെറിഞ്ഞ ജില്ലയെ സംരക്ഷിക്കൻ കഴിഞ്ഞ ഫെബ്രുവരി ആറിനാണ് സംസ്ഥാന സർക്കാർ 5,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത്. പ്രളയത്തിൽ കടുത്ത നാശം സംഭവിച്ച ജില്ലയ്ക്ക് കഴിഞ്ഞ ബഡ്ജറ്റിൽ ഒന്നും അനുവദിക്കാൻ കഴിയാത്ത സർക്കാർ മുഖം മിനുക്കാനായിരുന്നു 5000 കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത്. ഒരു വർഷം കഴിയുമ്പോളാണ് സർക്കാർ പ്രഖ്യാപിച്ചത് പാക്കേജല്ല ഇടുക്കിയിലെ ജനങ്ങളെ അപമാനിക്കലാണെന്ന് മനസിലായത്. 5,000 കോടിയിൽ 2,223 കോടി രൂപ മാത്രം മതിയായിരുന്നു ജില്ലയിലെ മുഴുവൻ കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളാൻ. നാളെ വിവിധ സ്ഥലങ്ങളിൽ പ്രതിക്ഷേധ യോഗങ്ങൾ കൂടാൻ ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. യോഗത്തിൽ ടോമി തോങ്ങുംപള്ളിൽ, രാജേന്ദ്രൻ മാരിയിൽ, എം.കെ കുഞ്ഞുമോൻ, ലാൽ കെ.ജെ, സത്യൻ നെടുങ്കണ്ടം, കുര്യൻ ചീരംകുന്നേൽ എന്നിവർ പ്രസംഗിച്ചു.