sajeev
സജീവ്

തൊടുപുഴ: വീട്ടിൽ അതിക്രമിച്ച് കയറിപതിനൊന്നുകാരിയെ ലൈംഗികമായിപീഡിപ്പിച്ച യുവാവിന് 28 വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും വിധിച്ചു. ഇടുക്കി മണിയാറൻകുടി താമരക്കാട്ട് വീട്ടിൽ
സജീവിനെയാണ് (36) തൊടുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി കെ. അനിൽകുമാർ ശിക്ഷിച്ചത്. 2013 ഏപ്രിൽ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പലതവണ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. പുറത്ത് അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിയും മുഴക്കി. തുടർന്ന് കുട്ടി സംഭവം മറച്ചു വയ്ക്കുകയായിരുന്നു.
പീന്നീട് സ്‌കൂളിലെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് കുട്ടി വിവരങ്ങൾ
തുറന്ന് പറയുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് അഞ്ച് വർഷം കഠിന
തടവും പതിനായിരം രൂപ പിഴയും, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പത്ത് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും, പലതവണപീഡനത്തിന് ഇരയാക്കിയതിന് പത്ത് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും, ഭീഷണിപ്പെടുത്തിയതിന് മൂന്ന് വർഷം കഠിന തടവും അയ്യായിരം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. എല്ലാ കുറ്റങ്ങൾക്കുമുള്ള കഠിനതടവ് ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയാകും. ഫലത്തിൽ 10 വർഷം തടവ് അനുഭവിച്ചാൽ മതി. പിഴതുക അടയ്ക്കാത്ത പക്ഷം എല്ലാ കുറ്റങ്ങൾക്കുമായി എട്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. പിഴയായി ഈടാക്കുന്ന തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം. കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി പിന്നീട് ഒളിവിൽ പോയിരുന്നു. വിചാരണ ഘട്ടത്തിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കിയ പ്രതി റിമാന്റിൽ കഴിയവെയാണ് വിചാരണ നടന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.