തൊടുപുഴ: നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശി കാരണം വിവിധ വാർഡുകളിലെ നിർമാണ ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നും എൻജിനീയറിങ്ങ് വിഭാഗത്തിന് താത്പര്യമുള്ള വാർഡുകളിൽ മാത്രം ജോലി നടക്കുന്നുവെന്നും കൗൺസിലിൽ ആരോപണം. യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ ഒന്നടങ്കമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജോലികൾ ഏറ്റെടുക്കുന്നതിൽ കരാറുകാർ വീഴ്ച വരുത്തുന്നത് ഉദ്യോഗസ്ഥരുടെ സമീപനം മൂലമാണെന്നും പണിയാരംഭിച്ച വാർഡിൽ അസി. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലെത്തി നിറുത്തിവെക്കാൻ നിർദേശം നൽകിയ സംഭവമുണ്ടായതായും വൈസ് ചെയർമാൻ എം.കെ. ഷാഹുൽ ഹമീദ് ആരോപിച്ചു. ഇത്തരത്തിൽ നടപടികൾ തുടരുന്നവർ ലീവെടുത്ത് വീട്ടിലിരിക്കട്ടെയെന്നും വൈസ് ചെയർമാൻ പറഞ്ഞു. ചില വാർഡുകളിൽ മാത്രം ജോലികൾ നടക്കുന്നത് പരിശോധിക്കണമെന്നും ജോലികൾ ആരംഭിച്ചില്ലെങ്കിൽ 12ന് എ.എക്‌സിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുമെന്നും സുധാകരൻ നായർ പറഞ്ഞു. വിഷയം ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്‌സൺ ഉറപ്പു നൽകി. ചൊവ്വാഴ്ച ചേർന്ന കൗൺസിലിൽ ഉദ്യോഗസ്ഥരെത്താത്തിനെയും ബി.ജെ.പി കൗൺസിലർമാർ വിമർശിച്ചു.