sudharsan

തൊടുപുഴ: ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ മദ്ധ്യവയസ്‌കനെ ബസിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പന്നൂർ ഐക്കരക്കുന്നേൽ ദാമോദരന്റെ മകൻ സുദർശനാണ് (സാനു- 56) മരിച്ചത്. ഇന്നലെ രാവിലെ 11.50ന് തൊടുപുഴ അങ്കംവെട്ടിയിലായിരുന്നു സംഭവം. മൂവാറ്റുപുഴ പണ്ടപ്പിള്ളി തൊടുപുഴ റൂട്ടിലോടുന്ന 'ആശീർവാദ്' ബസിൽ അങ്കംവെട്ടിക്ക് സമീപത്തെ സ്റ്റോപ്പിൽ നിന്ന് ബന്ധുവിനൊപ്പമാണ് സുദർശൻ കയറിയത്. മുല്ലയ്ക്കൽ ജംഗ്ഷനിൽ എത്തിയപ്പോൾ സുദർശൻ സീറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കണ്ടക്ടർ രഞ്ജിത്തിന്റെ നിർദേശപ്രകാരം ഡ്രൈവർ അജി ബസ് സമീപത്തെ ജില്ലാ സഹകരണ ആശുപത്രിയിലേക്ക് വിട്ടു. ആശുപത്രിയിലെത്തിയ ബസിൽ നിന്ന് സ്ട്രച്ചറിൽ അകത്തേക്ക് കയറ്റി ഡോക്ടർമാർ അടിയന്തര ചികിത്സ നൽകിയെങ്കിലും മരണമടഞ്ഞു. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: രമണി ഉപ്പുകുന്ന് വളയാറ്റിൽ കുടുംബാംഗം (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ് പെരിങ്ങാശേരി. മകൻ: നിധിൻ (എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥി, തൃശൂർ മെഡിക്കൽ കോളേജ്).