കുമളി: തേക്കടിയിൽ ബോട്ടിങ്ങിനെത്തിയ വിനോദ സഞ്ചാരി കുഴഞ്ഞുവീണു. കാനഡ സ്വദേശിയായ എവാർഡ് ആൻഡ്രേ (68)യാണ് കുഴഞ്ഞ് വീണത്. ഇന്നലെ വൈകുന്നേ നാലോടെയായിരുന്നു സംഭവം. ബോട്ടിങ്ങ് കഴിഞ്ഞ് മടങ്ങവെ ദേഹാസ്വാസ്യം അനുഭവപ്പെട്ടു. ഉടൻതന്നെ വനംവകുപ്പിന്റെ വാഹനത്തിൽ കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. രക്തസമ്മർദം കൂടിയതുമൂലമാണ് തളർച്ചയുണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ചികിത്സക്ക് ശേഷം വിദേശ സംഘം മടങ്ങി. തിങ്കളാഴ്ച ബോട്ടിങ്ങിനെത്തിയ ഇംഗ്ളണ്ട് സ്വദേശി ഐവറി കെന്നഡി (74) ഹൃദയാഘാതത്തെത്തുടർന്ന് അരമണിക്കൂറോളം ബോട്ടിൽ കിടക്കേണ്ടി വരികയും ആശുപത്രിയിലേക്കുള്ള യാത്രയിൽ മരണമടയുകയും ചെയ്ത സംഭവത്തിൽ വനംവകുപ്പിന് വലിയ വിമർശനമേൽക്കേണ്ടി വന്നിരുന്നു.