തൊടുപുഴ: അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം എട്ടിന് തൊടുപുഴയിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 10ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. രമേഷ്ബാബു അദ്ധ്യക്ഷതവഹിക്കും . പി.ജെ. ജോസഫ് എം.എൽ.എ മുഖ്യാതിഥിയാവും. ഉച്ചയ്ക്ക് രണ്ടിന് പ്രതിനിധിസമ്മേളനം മുൻമന്ത്രി ഡോ. എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി അന്നമ്മ ജോർജ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും.
അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, കുറഞ്ഞ പെൻഷൻ 5000 രൂപയാക്കുക, അമിത ജോലിഭാരം കുറയ്ക്കുക, ഹെൽപ്പർമാരുടെ ഹോണറേറിയവും പ്രൊമോഷൻ ക്വാട്ടയും വർദ്ധിപ്പിക്കുക, കുട്ടികൾ കുറവുള്ള അങ്കണവാടികൾ സംയോജിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കുറഞ്ഞ വേതനം 21,000 രൂപയാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.എസ്. രമേഷ്ബാബു, സി.എക്‌സ്. ത്രേസ്യ, അന്നമ്മ ജോർജ്, ഷാലി തോമസ്, പി.പി. അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.