പീരുമേട്:പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രം അടിസ്ഥാന സൗകര്യങ്ങളൊരുക്കി നവീകരിക്കാൻ പീരുമേട് പഞ്ചായത്തും വിനോദസഞ്ചാര വകുപ്പും ഡിറ്റിപിസിയും സംയുക്തമായി ജില്ലാ കലകടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പരുന്തുംപാറയിലെ വികസന പ്രവർത്തനങ്ങൾ സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയ സാഹചര്യത്തിലാണ് കലക്ടർ എച്ച് ദിനേശൻ സംയുക്ത യോഗം വിളിച്ചത്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം, വൈദ്യുതി, വെള്ളം എന്നിവ ലഭ്യാമാക്കും. കുട്ടികൾക്ക് കളിക്കുന്നതിനുള്ള റൈഡുകൾ സ്ഥാപിക്കും. ഉദ്യാനവും സുരക്ഷാസംവിധാനവും ഒരുക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 17, രാവിലെ 11 ന് കലക്ടറുടെ ചേമ്പറിൽ ഇതു സംബന്ധിച്ച് വിശദയോഗംചേർന്ന് രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രവീണ ,ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ബീനാമ്മ ജേക്കബ്ബ് ,സെക്രട്ടറി ആർ അനിൽകുമാർ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡി.ടി.പിസി സെക്രട്ടറി ജയൻ പി വിജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.