രാജാക്കാട്: എസ്.എൻ.ഡി.പി യോഗം പന്നിയാർകുട്ടി ശാഖ വക അറുമുഖ ശക്തി
ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവവും കനക ജൂബിലിയും ആഘോഷിച്ചു. സമാപന ദിവസമായ ഇന്നലെ വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 9.10 മുതൽ 9.45 വരെയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിയുടെയും അടികളേടം നീലകണ്ഠൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ അറുമുഖ ശക്തിയുടെയും ഉപദേവതകളായ ഗണപതി, ശാസ്താവ്, ഗൗരിപുരത്ത് അമ്മ, നാഗങ്ങൾ എന്നിവയുടെയും ശിലാവിഗ്രഹപ്രതിഷ്ഠ നടത്തി. വൈകിട്ട് കാവടിയും താലവും വരവ്, കാവടിയാട്ടം, ഗരുഡൻ പറവ എന്നിവയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ക്ഷേത്രസമർപ്പണവും രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സി.ജി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിലീപ് കുമാർ സ്വാഗതം ആശംസിച്ചു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ്, യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എസ്. ലതീഷ്‌കുമാർ, വി.എം. സലിം, കെ.കെ. രാജേഷ്, രാജൻ കാണക്കാലി, പുഷ്പ വടയാറ്റുകുന്നേൽ, ഷിജി മങ്കുഴിയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വോയ്‌സ് ഓഫ് കൊച്ചിൻ ഗാനമേള അവതരിപ്പിച്ചു.