ചെറുതോണി: ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചതിന്റെ ഒരു വർഷം പിന്നിടുന്ന ഇന്ന് കേരള കോൺഗ്രസ (എം) വഞ്ചനാദിനമായി ആചരിക്കും. പ്രളയത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട നിരവധിപേർ ഇപ്പോഴും താത്കാലിക കെട്ടിടങ്ങളിലാണ് താമസിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം ഭാഗികമായി തകർന്ന വീടുനിർമ്മാണവും പൂർത്തിയാക്കാനായിട്ടില്ല. കൃഷി നാശത്തിന് കൃഷിഭവൻ മുഖേന അപേക്ഷ സ്വീകരിച്ചതിൽ പട്ടയഭൂമിയുള്ള കർഷകർക്ക് മാത്രമാണ് നാമമാത്രമായ സമാശ്വാസധനഹായം അനുവദിച്ചത്. ഇടുക്കിയിലെ ഒട്ടേറെ പേർക്ക് കൃഷിഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം കർഷകർക്ക് എല്ലാവിധ അനുകൂല്യങ്ങളും നഷ്ടമായി. നിരവധി പദ്ധതികൾ പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനായി പ്രത്യേകം തുക നീക്കിവെച്ചിരുന്നില്ല. ഒരു വർഷം പിന്നിടുമ്പോഴും പദ്ധതിയുടെ നടത്തിപ്പിനായി ഒരു രൂപപോലും അനുവദിക്കാത്തത് ജില്ലയോടുള്ള അവഗണനയാണ്. സംസ്ഥാന ബജറ്റിലും ഇടുക്കിക്ക് ഒട്ടേറെ മോഹന വാഗ്ദാനങ്ങൾ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വാഗ്ദാനങ്ങൾക്കപ്പുറം പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും തകർന്ന ഗ്രാമീണ റോഡുകളും പാലങ്ങളും കാർഷിക-ക്ഷീരമേഖലയുടെയും പുനരുദ്ധാരണത്തിന് സഹായകമാകുന്ന ഇടുക്കി പാക്കേജിന് ബഡ്ജറ്റിൽ അയ്യായിരം കോടി രൂപ വകയിരുത്തണമെന്നും ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്സ്(എം) ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്തു.