ഇടുക്കി: പുനർജനിയെന്ന പേരിൽ 5000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ച് മലയോരജനതയെ കബളിപ്പിച്ചിട്ട് ഇന്ന് ഒരാണ്ട്. ജില്ലയിലെ കർഷകസംഘടനകളും പ്രതിപക്ഷകക്ഷികളും ഇന്ന് വഞ്ചനാദിനമായി ആചരിക്കുകയാണ്. മഹാപ്രളയത്തിൽ തകർന്ന ഇടുക്കി ജില്ലയ്ക്ക് ബഡ്ജറ്റിൽ ഒന്നും അനുവദിക്കാത്തതിൽ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരി ആറിന് ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത്. എന്നാൽ ഒരു വർഷമായിട്ടും നയാപൈസ പോലും ജില്ലയിൽ സർക്കാർ പാക്കേജിന്റെ ഭാഗമായി ചെലവഴിച്ചിട്ടില്ല. ബഡ്ജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത്. മൂന്ന് വർഷം കൊണ്ട് പദ്ധതി നടപ്പാക്കുമെന്നും ആദ്യവർഷം 1500 കോടി ചെലവഴിക്കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ പാക്കേജ് പ്രഖ്യാപിച്ചതല്ലാതെ ഇതുവരെ ഒരു സർക്കാർ ഉത്തരവ് പോലും പുറപ്പെടുവിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഒരു വർഷം കഴിയുമ്പോൾ പാക്കേജ് എവിടെയെന്ന ഇടുക്കി നിവാസികളുടെ ചോദ്യത്തിന് മറ്റൊരു പാക്കേജ് പ്രഖ്യാപിച്ചാണ് സർക്കാണ് മറുപടി നൽകിയിരിക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് കുട്ടനാടിനൊപ്പം ഇടുക്കിക്കും പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ പാക്കേജ് പോലെ ഇതും പ്രഖ്യാപനം മാത്രമാകരുതെന്നാണ് ജനങ്ങളുടെ പ്രാർത്ഥന.

ആദ്യവർഷം 1500 കോടി

 സംസ്ഥാന പദ്ധതിയിൽ നിന്ന് 550 കോടി രൂപ

 കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ നിന്ന് 100 കോടി

 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് 350 കോടി

 കിഫ്ബിയിൽ നിന്ന് 250 കോടി

 റീബിൽഡ് കേരളയിൽ നിന്ന് 250 കോടി രൂപ

പാക്കേജിന്റെ ചില ലക്ഷ്യങ്ങൾ

 തേയില,​ കുരുമുളക്, ഏലം, ചക്ക തുടങ്ങിയവയുടെ ഉത്പാദനവും ഉൽപാദനക്ഷമതയും ഉയർത്തുക

 തേയില ബ്രാൻഡു ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കും.

 സ്‌പൈസസ് പാർക്കു വിപുലീകരിക്കും.

 മണ്ണു പരിശോധിച്ച് കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡ് നൽകും

 ജൈവവളം, ജീവാണു വളം, കുമ്മായം, ഡോളോമേറ്റ് തുടങ്ങിയവ ലഭ്യമാക്കും

 ജൈവവളനിർമ്മാണ യൂണിറ്റുകൾ ആരംഭിക്കും.

 വിള ആരോഗ്യകേന്ദ്രങ്ങളിൽ ജീവാണുവള നിർമ്മാണം ആരംഭിക്കും

 വളത്തിന്റെയും കീടനാശിനികളുടെയും ഗുണനിലവാരം ഉറപ്പുവരുത്തും

 ഉൽപന്നങ്ങളിലെ വിഷാംശം നിരീക്ഷിക്കുന്നതിന് ആധുനിക സംവിധാനം

 നീർത്തടാടിസ്ഥാനത്തിലുള്ള സമഗ്ര ഭൂവിനിമയ ആസൂത്രണം

 ടൂറിസം ക്ലസ്റ്ററുകളും സർക്യൂട്ടുകളും ആവിഷ്‌കരിക്കും.

 ഫാം ടൂറിസത്തിൽ ഊന്നും

 മൂന്നാറിലെ ബൊട്ടാണിക്കൽ ഗാർഡനിന്റെ രണ്ടാം ഘട്ടം

 ഇടുക്കി ഡാമിനോട് അനുബന്ധിച്ച് ടൂറിസംകേന്ദ്രം
 പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക തുക

 അടഞ്ഞു കിടക്കുന്ന തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ജീവനോപാധി

 ഇടുക്കി മെഡിക്കൽകോളജിന്റെ അടുത്തഘട്ടം പൂർത്തീകരിക്കും

 ആദിവാസിക്ഷേമത്തിന് പ്രത്യേക പരിഗണന

 രാമൽക്കൽമേട് ടൂറിസം അക്കോമഡേഷൻ ഹോട്ടൽ

 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം

 മലങ്കര ടൂറിസം പദ്ധതി

 മറയൂരിലെ കരിമ്പുകൃഷിക്ക് പ്രത്യേക പരിഗണന