dtpc
ഇടുക്കി അണക്കെട്ടിന് സമീപം ഡി.ടി.പി.സിക്ക് നൽകിയ സ്ഥലം കാടു പിടിച്ച് കിടക്കുന്ന നിലയിൽ

ഡി.ടി.പിസിയുടെ നൂറേക്കർ സ്ഥലം താവളമാക്കുന്നു

ചെറുതോണി: കാടുതപ്പിപ്പോകാതെ നഗരത്തിനടുത്ത് തന്നെ നായാട്ടിന് അവസരമുള്ളത് മുതലാക്കുകയാണ് കുറേ നായാട്ടുകാർ. ഇക്കാര്യത്തിൽ പ്രൊഫഷണലിസം കൈമുതലായുള്ളവർ മുതൽ വെറുമൊരു രസത്തിന് കാടുകയറുന്നവർവരെയുണ്ട്. അണക്കെട്ടുകൾക്ക് നടുവിൽ ടൂറിസം വികസനത്തിനായി ജില്ലാ പഞ്ചായത്ത് ഡി.ടി.പിസിയ്ക്ക് നൽകിയ 106 ഏക്കർ സ്ഥലത്ത് നായാട്ടുസംഘങ്ങൾ തമ്പടിക്കുന്നത്. ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്ക് നടുവിലാണ് സ്ഥലം നൽകിയിരിക്കുന്നത്. മൂന്നുവശവും വനത്താൽ ചുറ്റപ്പെട്ടതാണങ്കിലും ഒരു ഭാഗം ഇടുക്കി- കട്ടപ്പന റോഡാണ്. ഇതുവഴി പൊതുജനങ്ങൾക്ക് കാട്ടിലേയ്ക്ക് എളുപ്പത്തിൽ കയറാം. വേനൽ കടുത്തതോടെ വനത്തിൽ തീറ്റ കുറഞ്ഞതിനാൽ മ്ലാവ്, കേഴ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾ വെള്ളവും തീറ്റയും തേടി കാട്ടിൽ നിന്ന് കൃഷിയിടത്തിലേയ്ക്ക് ഇറങ്ങാൻ തുടങ്ങി. വെള്ളാപ്പാറയൽ നിന്ന് എത്തുന്ന മൃഗങ്ങൾ കൂടുതലും അണക്കെട്ടിന് സമീപമുള്ള സ്ഥലത്തുകൂടിയാണ് കൃഷിയിടത്തിലേക്കെത്തുന്നത്. ഡി.ടി.പി.സിയ്ക്ക് നൽകിയ സ്ഥലം കാടുപിടിച്ചു കിടക്കുന്നതിനാൽ നായാട്ടുകാർ ഇവിടെ പതുങ്ങിയിരുന്ന ശേഷം ഇവിടെയെത്തുന്ന മൃഗങ്ങളെ വെടിവച്ചുകൊല്ലുകയാണ്. സമീപത്ത് ആരും താമസമില്ലാത്തതിനാൽ മൃഗങ്ങളെ കടത്തിക്കൊണ്ടു പോകുന്നതിനും എളുപ്പമാണ്. വേവിച്ച് കഴിക്കുന്നതിനും , വിൽപ്പന നടത്തുന്നതിനും, ഉണക്കി സൂക്ഷിക്കുകയുംചെയ്യുന്നവർ ഏറെയാണ്.ഇപ്പോഴത്തെ ഇറച്ചിവിലയ്ക്ക് ഒരു കാട്ടുപന്നി കിട്ടിയാൽത്തന്നെ ബബ്ബറടിക്കുന്നതുപോലെയാണ്.വനളമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിച്ചിട്ടുള്ളതും പിടിച്ചാൽ ശിക്ഷ ഉറപ്പാണെന്നുള്ളതുമൊക്കെ ഒട്ടും വകവയ്ക്കാതെയാണ് സർക്കാർ അനുബന്ധസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള നായാട്ട് പൊടിപൊടിക്കുന്നത്.

കെണിയൊരുക്കിയും വേട്ട

ഒരു വർഷം മുമ്പ് പെരിയാറിന് സമീപം കൃഷിയിടത്തിൽ മ്ലാവിനെ പിടിക്കുന്നതിന് കുടുക്കുവച്ചിരുന്നു. മ്ലാവ് പകലാണ് കുടുക്കിൽ വീണത്. അതിനാൽ കടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞില്ല. നാട്ടുകാർ വിവരമറിയിച്ചെങ്കിലും വനപാലകരെത്തിപ്പോഴേക്കും മ്ലാവ്, ചത്തിരുന്നു. ഈ കേസിലെ പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടും പ്രതികളെ പിടികൂടിയിട്ടില്ല.

ഈ പ്രദേശത്ത് വാച്ചറെ നിയമിച്ചിട്ടുണ്ടെങ്കിലും രാത്രിയിൽ ഇവിടെ ജീവനക്കാരെത്താറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കുറവൻ കുറത്തി മലയ്ക്ക് സമീപത്തുള്ള ഈ സ്ഥലത്തെ കാടുകൾ വെട്ടിത്തെളിച്ച് യാത്രനിവാസ് ഉദ്ഘാടനം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അനുമതി ലഭിച്ച കുടിയേറ്റ മേഖലയെ ഓർമിക്കുന്ന മ്യൂസിയത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുകയും പാർക്കിന്റെ നിർമാണം ആരംഭിക്കുകയും ചെയ്താൽ നായാട്ടുകാരുടെ ശല്യം ഒരളവ് വരെ ഒഴിവാക്കാനാകും.