pipe

തൊടുപുഴ: വേനൽ നേരത്തെ എത്തിയതോടെ പല പ്രദേശങ്ങളും കുടിവെള്ള ക്ഷാമത്തിൽ പൊറുതിമുട്ടുമ്പോൾ ഒരാഴ്ചയായി മണക്കാട് നെല്ലിക്കാവ് ജംഗ്ഷന് സമീപം ജലഅതോറിട്ടിയുടെ പൈപ്പ്‌പ്പൊട്ടി കുടിവെള്ളം പാഴാകുന്നു. ദിവസവും ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ഒഴുകി പോകുന്നത്. ഇത് കാരണം പഞ്ചായത്തിലെ ജലക്ഷാമം നേരിടുന്ന സ്ഥലങ്ങൾ ആവശ്യത്തിന് വെള്ളമെത്തുന്നില്ല. വെള്ളമൊഴുകുന്നതിന് സമീപത്തെ കലുങ്കിനടിയിലും പറമ്പിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസമായി വാട്ടർഅതോറിട്ടിയെ വിവരമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വാട്ടർഅതോറിട്ടി ജീവനക്കാർ ഇതുവഴി പോയിട്ടും പൈപ്പ് നന്നാക്കി വെള്ളം പാഴാകുന്നത് പരിഹരിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തടഞ്ഞില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.