കട്ടപ്പന: നെതർലന്റ്സിൽ ജോലി വാഗ്ദാനം ചെയ്ത് ഒൻപത് പേരിൽ നിന്നായി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കട്ടപ്പന പൊലീസ് അന്വേഷണം ഊർജിതമാക്കി. തട്ടിപ്പ് നടത്തിയ കട്ടപ്പന കോഴിപ്പൂവനാനിക്കൽ ബിൻസ് ജോസഫ് ഒളിവിലാണ്. നേരത്തെ ഇയാൾ കട്ടപ്പന സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. കട്ടപ്പന, കോട്ടയം, തൊടുപുഴ, പാലക്കാട് സ്വദേശികളായ ഒൻപത് പേരാണ് കബളിപ്പിക്കപ്പെട്ടത്. ഇവരിൽ മൂന്നുപേർ ബിൻസ് ജോസഫിന്റെ ബന്ധുക്കളുമാണ്.
നേരത്തെ യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്ത നരിയംപാറ പുളിക്കൽ ജിൻസ് ജേക്കബ് എന്നയാൾക്കെതിരെ ബിൻസ് ജോസഫ് ഡിസംബർ 14ന് കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ബിൻസ് ജേക്കബ് പണം തട്ടിയെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ പരാതിയിൽ പരാമർശിച്ചിരുന്ന ഉദ്യോഗാർഥികളെ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് ബിൻസ് ജോസഫാണ് പണം വാങ്ങിയതായി അറിയുന്നത്. നെതർലന്റ്സിൽ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് നാലര മുതൽ അഞ്ചര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. 2019 ഓഗസ്റ്റ് എട്ട്, ഒൻപത് തിയതികളിലായി ഉദ്യോഗാർഥികളിൽ നിന്നു അഡ്വാൻസായി രണ്ടുലക്ഷം രൂപ വീതം കൈപ്പറ്റി. ഇവരിൽ ചിലർക്ക് ഓഫർ ലെറ്ററും നൽകിയിരുന്നു. എൻജിനീയർ മുതൽ ഓഫീസ് അസിസ്റ്റന്റ് വരെയുള്ള തസ്തികകളിലാണ് ജോലി വാഗ്ദാനം ചെയ്തത്. പണം നൽകിയവരുമായി കരാറും ഉണ്ടാക്കിയിരുന്നു.
കട്ടപ്പന എസ്.ഐ: സന്തോഷ് സജീവിന്റെ നേതൃത്വത്തിൽ ബിൻസിന്റെ ഉടമസ്ഥതയിൽ കട്ടപ്പന ഭവന നിർമാണ ബോർഡ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അബ്ബി ഡിജിറ്റൽ അഡ്വർടൈസിംഗ് എന്ന സ്ഥാപനത്തിൽ പരിശോധന നടത്തി കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കുകളും ചില രേഖകളും പിടിച്ചെടുത്തു.